എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരിക്ഷേത്രത്തിൽ 13 ന് നടക്കുന്ന പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിപുലമായി നടത്തും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നെല്ലുവായ് ദേവസ്വം ഓഫീസിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പ്, പൊലിസ്, ഫോറസ്റ്റ്, പഞ്ചായത്ത് വകുപ്പുകളുടെ സഹകരണം ഉണ്ടാകും. ഭക്തജനങ്ങൾക്കുള്ള ദർശന സൗകര്യാർത്ഥം ഗതാഗത ക്രമീകരണവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കും. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിഷേപിക്കാൻ സജ്ജീകരണമൊരുക്കും, വെളിച്ചം, കാമറ എന്നിവ സ്ഥാപിക്കും, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തും. പ്രാഥമിക ചികിത്സയ്ക്ക് ആംബുലൻസ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനിച്ചു. എരുമപ്പെട്ടി പൊലിസ് ഇൻസ്‌പെക്ടർമാരായ കെ.കെ. ഭൂപേഷ്, കെ.കെ. അശോകൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സുധി, വാർഡ് മെമ്പർ എം.സി. ഐജു, ദേവസ്വം ഓഫീസർ പി.ബി. ബിജു, ഡോ.അരുൺ കൈമൾ എന്നിവർ പങ്കെടുത്തു.