 
മാള: പാഴ്‌സൽ കമ്പനിയുടെ വാഹനം അപകടത്തിൽപ്പെട്ടതിനാൽ തന്റെ പുസ്തകം പ്രകാശനത്തിനായി ഡൽഹിയിലെത്തിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് ഈ കവയിത്രി. ഡൽഹിയിലെ ജാമിയ യൂണിവേഴ്‌സിറ്റിയിൽ ടെലിഫോൺ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷീല പ്രകാശിനെ, നീണ്ട മുപ്പത്തിയഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതവും ധിക്ഷണശാലികളുമായുള്ള ജീവിത പരിചയങ്ങളാണ് കവിയാക്കി തീർത്തത്. ഡിസംബർ നാലിന് ഡൽഹിയിലെ കേരളാ ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യേണ്ടതായിരുന്നു ഷീല പ്രകാശിന്റെ ഓർമ്മയുടെ അടരുകൾ എന്ന കവിതാസമാഹാരം. പുസ്തകം ഏറ്റുവാങ്ങേണ്ടിയിരുന്നത് ചീഫ് സെക്രട്ടറി റാങ്കിലുള്ള മുൻ നെതർലാൻഡ് അംബാസിഡർ ഡോ. വേണു രാജാമണിയും. മിനിസ്റ്ററി ഒഫ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച ഭർത്താവ് സി.ഐ. പ്രകാശുമൊത്ത് മാളയിലെ അഷ്ടമിച്ചിറയിൽ വിശ്രമ ജീവിതത്തിനെത്തിയതായിരുന്നു ഷീല.
കേരളത്തിൽ പ്രിന്റ് ചെയ്ത് പുസ്തകം ഡൽഹിയിലേക്ക് അയച്ചെങ്കിലും പ്രകാശനം നടത്താനായില്ല. ഡൽഹിയിൽ തന്നെ പ്രകാശനം നടത്താൻ വീണ്ടും തയ്യാറെടുക്കുകയാണ് ഷീല. ഡോ. മാത്യു ജോസഫ് അവതാരികയെഴുതിയ പുസ്തകം നീലാംബരി ഗ്രീൻസ് ആണ് പുറത്തിറക്കിയത്.