 
തൃപ്രയാർ: കോരിച്ചൊരിയുന്ന മഴയത്ത് അകത്ത് വെള്ളം നിറയും, മഞ്ഞുകാലത്ത് തണുത്ത് വിറച്ച് കൂനിക്കൂടി കഴിയണം.. വർഷങ്ങളായി തളിക്കുളം മുറ്റിച്ചൂർ പാലത്തിന് തെക്ക് ചേർക്കര ചേന്ദങ്ങാട്ട് കുട്ടപ്പൻ (76), ഭാര്യ നിർമ്മല (65) ദമ്പതികൾ കഴിയുന്ന ഓലവീടിന്റെ സ്ഥിതിയാണിത്. വീടിന് നമ്പറും, വൈദ്യുതിയും, കുടിവെള്ളകണക്ഷനുമുണ്ട്. പക്ഷേ നാല് ചുമരുകൾക്ക് ഇനിയും അടച്ചുറപ്പായിട്ടില്ല. കുടിലിന് മീതെ ടാർപായ വിരിച്ചതിനാലാണ് ഇപ്പോഴും നിലനിൽക്കുന്നത്.
വീട് നിർമ്മിക്കാനായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. അറ്റകുറ്റപ്പണി നടത്താൻ പോലും ഈ ദളിത് കുടുംബത്തിന് സഹായം ലഭിച്ചില്ല. ശൗചാലയം ഷീറ്റ് കെട്ടിയാണ് ഉപയോഗിക്കുന്നത്. വീടിനകം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. വീടിന്റെ അത്താണിയായിരുന്ന മകൻ രമേഷും മരുമകളും രോഗം ബാധിച്ച് മരിച്ചതോടെയാണ് വയോധികരായ ഈ ദമ്പതികൾ ഒറ്റപ്പെട്ടത്. കുട്ടപ്പൻ രോഗിയാണ്. നിർമ്മല കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.
നാല് വർഷം മുമ്പ് നിർമ്മലയ്ക്ക് ഹൃദയ സംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞതോടെ ജോലിക്ക് പോകാൻ കഴിയാതെയായി.
ചികിത്സാ സഹായത്തിന് അപേക്ഷ നൽകിയെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് നിർമ്മല പറഞ്ഞു. ഭവന നിർമ്മാണത്തിനായി ലൈഫ് പദ്ധതിയിൽ പല തവണ അപേക്ഷ നൽകിയെങ്കിലും അവഗണനയാണ് ലഭിച്ചതെന്ന് നിർമ്മല പറഞ്ഞു. സമീപം പുഴയുണ്ടെന്ന് പറഞ്ഞാണ് അപേക്ഷകൾ നിരസിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് മാസങ്ങളായി വെള്ളം എത്തിയിട്ട്. രോഗം വകവയ്ക്കാതെ വഞ്ചി തുഴഞ്ഞ് അക്കരെ പോയാണ് നിർമ്മല വെള്ളം ശേഖരിക്കുന്നത്. അന്നത്തേക്കുള്ള അന്നത്തിനായി കഷ്ടപ്പെടുന്ന കുടുംബത്തിന് വീടെന്ന സ്വപ്നം ഇപ്പോൾ ചോദ്യ ചിഹ്നമാകുകയാണ്.