ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഓഡിറ്റിംഗ് സംഘം അഴിമതി കണ്ടെത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിജിലൻസ് എന്നിവർ സമഗ്ര അന്വേഷണം നടത്തണമെന്ന് എങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഡിറ്റിംഗ് സമിതി ആവശ്യപ്പെട്ട രേഖകൾ പല വാർഡുകളിലും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നിയന്ത്രിക്കുന്ന സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, തൊഴിലുറപ്പ് ഓവർസിയർമാർ എന്നിവർക്ക് സമർപ്പിക്കാൻ കഴിയാത്തത് അഴിമതി നടന്നുവെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ തൊഴിൽ ദിനം രേഖപ്പെടുത്തി പൊതുഖജനാവിൽ നിന്നും പണം അപഹരിച്ചവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും പ്രശ്‌നം പരിഹരിക്കാൻ നടപടിയായില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു.കെ. പീതാംമ്പരൻ എന്നിവർ മുന്നറിയിപ്പ് നൽകി. തൊഴിലുറപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് എങ്ങണ്ടിയൂർ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്റി പാർട്ടി അംഗങ്ങളായ പ്രീത സജീവ്, സുമയ്യ സിദ്ദിക്ക്, ഉഷ ടീച്ചർ തച്ചപ്പുള്ളി, ചെമ്പൻ ബാബു, ഓമന സുബ്രമണ്യൻ എന്നിവർ ആവശ്യപ്പെട്ടു.