 
നഷ്ടപരിഹാരം നൽകി സർക്കാർ എറ്റെടുത്ത കെട്ടിടം പൊളിക്കാതെ പരസ്യ ബോർഡ് സ്ഥാപിച്ച നിലയിൽ.
പുതുക്കാട്: മേൽപ്പാലം നിർമ്മിക്കാൻ സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തിൽ പരസ്യ ബോർഡ് സ്ഥാപിക്കാൻ വാടകയ്ക്ക് നൽകി കെട്ടിട ഉടമ ലക്ഷങ്ങൾ നേടുന്നു. ദേശീയപാതയിൽ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിലാണ് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് പരസ്യ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. അപകടങ്ങൾ പതിവായ സിഗ്‌നൽ ജംഗ്ഷനിൽ മേൽപാലം വേണമെന്ന വർഷങ്ങളായുള്ള മുറവിളിയെ തുടർന്നാണ് മേൽപ്പാലം നിർമ്മിക്കാൻ ധാരണയായത്. മേൽപ്പാലം നിർമ്മിക്കുന്നതോടെ പ്രധാന പാതയ്ക്ക് ഇരുവശത്തും സർവീസ് റോഡ് കൂടി നിർമ്മിക്കാൻ അധികം ആവശ്യമായി വരുന്ന ഭൂമി എറ്റെടുത്തിരുന്നു. ഈ സ്ഥലത്താണ് ബഹുനില കെട്ടിടം. നഷ്ടപരിഹാരമായി പൊന്നിൻ വില നൽകിയാണ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. നഷ്ടപരിഹാരം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും കെട്ടിടം ഇതുവരെ പൊളിച്ച് മാറ്റിയിട്ടില്ല. സർക്കാർ എറ്റെടുത്ത കെട്ടിടത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രധാന സ്ഥാനാർത്ഥികളുടെ ബോർഡുകൾ സ്ഥാപിച്ചായിരുന്നു തുടക്കം. പടുകൂറ്റൻ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് പഴയ കെട്ടിട ഉടമ ലക്ഷങ്ങൾ കൊയ്യുമ്പോൾ പരസ്യനികുതി പോലും വാങ്ങാതെ ഗ്രാമപഞ്ചായത്തും സർക്കാരും നോക്കുക്കുത്തിയാവുകയാണ്. ദേശീയപാത താമസിയാതെ ആറുവരിയാക്കുന്നതോടെ മേൽപ്പാലത്തിന്റെ രൂപകൽപ്പനയിലും എസ്റ്റിമേറ്റിലും മാറ്റം വരും.