2

ലൈഫ് മിഷൻ പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലെ ചരൽപറമ്പിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ്.

വടക്കാഞ്ചേരി: ചരൽ പറമ്പിൽ ഭൂരഹിതർക്കായി നിർമ്മിക്കുന്ന ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയം ഇല്ലെന്ന വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ പദ്ധതിയ്ക്ക് പുതുജീവൻ നൽകുന്നു. കണ്ടെത്തൽ ഫ്‌ളാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സഹായകരമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 140 കുടുംബങ്ങളെ അപകടത്തിൽപ്പെടുത്തുന്ന രീതിയിൽ നിലവാരം കുറഞ്ഞ രീതിയിലാണ് ഫ്‌ളാറ്റിന്റെ നിർമ്മാണം നടക്കുന്നതെന്നായിരുന്നു വടക്കാഞ്ചേരി എം.എൽ.എയായിരുന്ന അനിൽ അക്കര ഉൾപ്പെടുന്ന പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയടക്കമുള്ളവർ ഫ്‌ളാറ്റ് സന്ദർശിച്ച് നിർമ്മാണത്തിൽ അപാകതയുള്ളതായി ആരോപിച്ചിരുന്നു. ഗുണനിലവാരത്തിൽ വിട്ടു വീഴ്ച്ച ചെയ്തു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതെതുടർന്ന് 2020 സെപ്തംബർ മാസത്തിൽ വിജിലൻസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി തവണ വിജിലൻസ് സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിലെത്തിയിരുന്നു. ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് നടത്തുന്ന കോർ ടെസ്റ്റ് എന്നീ പരിശോധനകൾ നടത്തിയിരുന്നു. തൃശൂർ എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ, കൊച്ചി ക്വാളിറ്റി കൺട്രോൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. പദ്ധതിയുടെ പേരിൽ 448 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നയടക്കമുള്ളവർക്ക് കൈക്കൂലിയായി നൽകിയെന്ന കരാറുകാരൻ യുനിടെക് എം.ഡി. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലോടെയാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. യു.എ.ഇ റെഡ് ക്രസെറ്റ് വഴി അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവഴിച്ച് 140 ഫ്‌ളാറ്റുകളും ആരോഗ്യ കേന്ദവും ആരംഭിക്കുന്നതായിരുന്നു പദ്ധതി. പണം വക മാറ്റിയതിനാൽ നിർമ്മാണത്തിൽ നിലവാരം കുറച്ചുഎന്നായിരുന്നു ആരോപണം. വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ പുറത്തുവന്നതോടെ ലൈഫ് പദ്ധതിയ്ക്ക് പുനരുജ്ജീവൻ ലഭിച്ചിരിക്കയാണ്. ഫ്‌ളാറ്റിനെച്ചൊല്ലിയുടെ ഭരണ-പ്രതിപക്ഷ വാക്കേറ്റങ്ങൾക്കും താൽക്കാലിക ശമനം കൈവന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പെട്ടെന്ന് പുനരാരംഭിക്കാനാകുമെന്നും നിരാലംബർക്ക് തണൽ ഒരുക്കാൻ ഫ്‌ളാറ്റിലൂടെ കഴിയുമെന്നുള്ള വിശ്വാസവും അധികരിച്ചിരിക്കയാണ്.