എരുമപ്പെട്ടി: തയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി എട്ടിന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദിയുടെ ഭാഗമായി ഒരുവർഷം നീണ്ട്‌നിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.ആർ വേലുക്കുട്ടി അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഭരണ സമിതി അംഗങ്ങളെ ആദരിക്കും. കുന്നംകുളം അസിസ്റ്റന്റ് രജിസ്ട്രാർ എസ്.എൻ. ആരാധന വിവിധ പുരസ്‌കാര വിതരണം നടത്തും. തലപ്പിള്ളി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. ഷീജ വിശിഷ്ട വ്യക്തികളെ ആദരിക്കും. 1921 ലാണ് കളത്തിൽ മഠം കല്യാണ കൃഷ്ണയ്യർ പ്രസിഡന്റായും കാവിൽ തിരുത്തികാട്ട് നാരായണൻ നമ്പീശൻ സെക്രട്ടറിയായും സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി.ആർ. വേലുക്കുട്ടി, വൈസ് പ്രസിഡന്റ് ഇ.ചന്ദ്രിക, ആഘോഷ കമ്മിറ്റി കൺവീനർ എൻ.ബി. സുഭാഷ്, വൈസ് ചെയർമാൻ അബു സാലി, ജോയിന്റ് കൺവീനർ എ.ടി. സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.