പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ മുല്ലശ്ശേരി സെന്ററിലെ പൊതുകാനയിലേക്ക് മലിന ജലം ഒഴുക്കി വിട്ട ഫ്‌ളാറ്റുടമയ്ക്കും കടയുടമകൾക്കുമെതിരെ കർശന നടപടിയുമായി പഞ്ചായത്ത്. പരിസര പ്രദേശത്തെ കടയുടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പൊതുകാനയുടെ സ്ലാബുകൾ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തപ്പോൾ മലിന ജലം ഒഴുക്കുന്നത് കണ്ടെത്തി. 24 മണിക്കൂറിനകം കാനയിലേക്ക് മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ സ്ഥിരമായി അടക്കാനും പഞ്ചായത്തീരാജ് ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ നോട്ടീസ് നൽകുകയും ചെലവായ മുഴുവൻ തുകയും ഈടാക്കാനും തീരുമാനിച്ചു. പരിശോധനയിൽ വാർഡ് മെമ്പർ ക്ലമന്റ് ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്, ജൂനിയർ സൂപ്രണ്ട് പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.