വെള്ളാറ്റഞ്ഞൂർ: മുപ്പതിലധികം വർഷങ്ങളായി സംഗീത ലോകത്ത് മുഴുകിയ ജീവിതമാണ് കേശവൻ വെളളാറ്റഞ്ഞൂരിന്റേത്. കേരളത്തിൽ ഉടനീളം ആയിരത്തോളം വേദികളിൽ ഹാർമോണിയം കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ഈ രംഗത്ത് ജില്ലയിലെ അറിയപ്പെടുന്ന കലാകാരനാണ്. സബ്ജില്ല, ജില്ലാ, സംസ്ഥാന കലോത്സവങ്ങൾ മുതൽ എണ്ണിയാലൊടുങ്ങാത്ത ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റങ്ങളിലും ഭജനകളിലും ഹാർമോണിയത്തിലൂടെ അരങ്ങ് നിറഞ്ഞിട്ടുണ്ട്. ഒട്ടനവധി പ്രമുഖർക്കൊപ്പവും വേദികൾ പങ്കിട്ടിട്ടുണ്ട്. ചെറുപ്പക്കാലം മുതൽക്ക് തന്നെ നാടകത്തോടും പാട്ടിനോടും ഉണ്ടായിരുന്ന അഭിരുചിയും താൽപര്യവുമാണ് കേശവൻ വെള്ളാറ്റഞ്ഞൂരിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. ജീവിത സാഹചര്യങ്ങൾ അത്ര മികച്ചതായിരുന്നില്ല എങ്കിലും ഈ രംഗത്തു കഠിന പ്രയത്‌നത്തിലൂടെ തന്നെയാണ് തന്റെതായ സ്ഥാനം അദ്ദേഹം നേടിയെടുത്തത്. പ്രാക്ടീസിനും പ്രോഗ്രാമുകൾക്കും ആയി രാപ്പകലില്ലാതെ കേരളമൊട്ടാകെ യാത്ര ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ചൂരക്കാട്ടുകര കേന്ദ്രീകരിച്ച് ശ്രീദുർഗ തിയേറ്റേഴ്‌സിലും പ്രവർത്തിക്കുന്ന അദ്ദേഹം ഗാനാലാപന രംഗത്തും ശ്രദ്ധേയമാണ്. കൊവിഡ് മൂലം വേദികൾ ഇല്ലങ്കിലും ശേഷം വീണ്ടും വേദികളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഭാര്യ: സതി. മകൻ: കൃഷ്ണദാസ് (ആയുർവേദ ഡോക്ടർ).
ഹാർമോണിയത്തിൽ ശാസ്ത്രീയമായി അധികം പഠിക്കാൻ സാധിച്ചിട്ടില്ല. കലയോടുള്ള അഭിനിവേശമാണ് ഇവിടെവരെ കൊണ്ടെത്തിച്ചത്. വളർച്ചക്ക് കാരണം. ഗുരുതുല്യരായ വ്യക്തികളും വളർച്ചയ്ക്ക് സഹായകമായി.
-കേശവൻ വെള്ളാറ്റഞ്ഞൂർ