പുതുക്കാട്: വാഹനത്തിൽ കൊണ്ട് പോയിരുന്ന സി.എൻ.ജി സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് 11.40 ഓടെ പുതുക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊച്ചിയിലെ പ്ലാന്റിൽ നിന്ന് പാലക്കാട്ടേക്ക് വാഹനത്തിൽ കൊണ്ട് പോയിരുന്ന സി.എൻ.ജി സിലിണ്ടറുകളിൽ നിന്നാണ് ഗ്യാസ് ചോർന്നത്. 40 സിലിണ്ടറുകളിലായി 400 കിലോ സി.എൻ.ജിയാണ് ലോറിയിൽ ഉണ്ടായിരുന്നത്. 40 സിലിണ്ടറുകളും ഒന്നൊന്നായി തമ്മിൽ ഘടിപ്പിച്ചിരുന്നു. സമർദ്ദം മൂലം സിലിണ്ടറുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ട്യുബ് ബോൾട്ടിൽ നിന്നും വിട്ടു പോയതാണ് ഗ്യാസ് ചോരാൻ ഇടയാക്കിയത്. വലിയ ശബ്ദത്തിൽ ചോർച്ച വന്നയുടനെ സമീപത്തുള്ള പുതുക്കാട് പഞ്ചായത്ത് ഓഫീസ്, ട്രഷറി, ബാങ്കുകൾ, ആശുപത്രി എന്നിവിടങ്ങളിലുണ്ടായിരുന്ന ജിവനക്കാർ ഉൾപ്പടെയുള്ളവർ പ്രാണ രക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടിരക്ഷപ്പെട്ടു. പാടത്തും പറമ്പിലൂടെയുമാണ് ജീവനക്കാർ രക്ഷപ്പെട്ടത്. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ യോഗത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന പ്രസിഡന്റ് കെ.എം.ബാബുരാജും ഭരണസമിതി അംഗങ്ങളും പൊലിസിനേയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പുതുക്കാട് പൊലിസ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിപ്പിച്ചു. പുതുക്കാട് നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി ഗ്യാസ് സിലിണ്ടറുകളുടെ വാൽവുകൾ അടച്ച് ചോർച്ച തടഞ്ഞു. സംഭവം അര മണിക്കൂറോളം ജനങ്ങൾക്കിടയിൽ ഭീതി പരത്തി. ചോർച്ച അടയ്ക്കുന്നതുവരെ ദേശീയപാതയുടെ ഇരുഭാഗത്തും വാഹന ഗതാഗതം പൊലിസ് തടഞ്ഞിരുന്നു. ചോർച്ച അടച്ച ശേഷം വാഹനം ദേശീയപാതയിൽ നിന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് മാറ്റി. പുതുക്കാട് ഫയർഫോഴ്‌സിലെ സീനിയർ ഓഫീസർ എം. പ്രശാന്ത്, ഓഫീസർമാരായ, കെ.ആർ. സുജിത്, പുതുക്കാട് സി.ഐ, ടി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഭവം പരിഹരിച്ചത്.