nes
അപകടത്തിൽ മരിച്ച സി എഫ് ജെയിംസ്.

കുന്നംകുളം: കേച്ചേരി പാറന്നൂരിൽ റോഡിലെ ഗ്യാസ് പൈപ്പ് ലൈനിനായെടുത്ത കുഴിയിൽ വീണ് പരിക്കേറ്റ സി.പി.എം കേച്ചേരി ലോക്കൽ സെക്രട്ടറി സി.എഫ്. ജെയിംസ് മരിച്ച സംഭവത്തിൽ പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കമ്പനിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പൊലിസ് കുറ്റപത്രം. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി അശാസ്ത്രീയമായി നിർമ്മിച്ച കുഴിയിൽ വീണത് മൂലം തലയ്‌ക്കേറ്റ പരിക്കാണ് ജെയിംസിന്റെ മരണത്തിന് വഴിവച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അശാസ്ത്രീയമായി കുഴിയെടുത്ത സംഭവത്തിൽ കമ്പനി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതാണ് മരണത്തിന് കാരണമാക്കിയെതെന്നാണ് കുറ്റപത്രം അടവരയിടുന്നത്. റോഡിൽ കുഴിയെടുക്കുമ്പോൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കമ്പനി പാലിച്ചിരുന്നില്ല. യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായാണ് കുഴിയെടുത്തതെന്ന് പൊലിസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ എൻജിനീയർ എറണാകുളം മാമല കക്കാട്ടുകര അനീഷ് ഭവനിൽ അനീഷ്‌കുമാറി (39) നെയാണ് കേസിൽ പ്രതിയാക്കി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 ഏപ്രിൽ 15 ന് വൈകീട്ട് ഏഴരയോടെയാണ് മഴുവഞ്ചേരി ചിറയത്ത് വീട്ടിൽ ജെയിംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയിൽ വീണത്. അപകടത്തിൽ ജെയിംസിന്റെ തലയോട്ടിയും കവിളെല്ലും പൊട്ടിയിരുന്നു. നട്ടെല്ലിനും ക്ഷതം സംഭവിച്ചു. ചികിത്സയിലിരിക്കെ മെയ് ഒന്നിനാണ് ജെയിംസ് മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അദാനി ഗ്രൂപ്പിൽ നിന്ന് കരാറെടുത്ത മുഖ്യ കരാറുകാരനെ കേസിൽ പ്രതിയാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ജെയിംസ് മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കേസിൽ നടപടിയുണ്ടാകാത്തത് സി.പി.എം സമ്മേളനങ്ങളിലും ചർച്ചയായിരുന്നു. സി.പി.എം കേച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവുമായ ജെയിംസ് സംഘടനാപ്രവർത്തനത്തിനിടെയാണ് പൈപ്പ് ലൈനിനായെടുത്ത കുഴിയിൽ വീണ് മരിക്കുന്നത്.

അപകടത്തിൽ മരിച്ച സി.എഫ്. ജെയിംസ്.