കുന്നംകുളം: ബി.ജെ.പി കടവല്ലൂർ മേഖലാ കമ്മിറ്റിയിലെ മുഴുവൻ പേരും രാജിവച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി കൂടിയാലോചനയില്ലാതെ മണ്ഡലം നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നാരോപിച്ചായിരുന്നു രാജി. കുന്നംകുളം നിയോജകമണ്ഡലം രണ്ടായി വിഭജിച്ചതോടെയാണ് ഭിന്നതയുടെ തുടക്കം. വിഭജനത്തിൽ എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കടവല്ലൂർ, പെരുമ്പിലാവ് മേഖലാ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഇതിൽ കടവല്ലൂർ മേഖലാ കമ്മിറ്റിയും അതിന് കീഴിൽ വരുന്ന 13 ബൂത്തുതല കമ്മിറ്റികളിലെ മുഴുവൻ പേരുമാണ് രാജിവച്ചത്. എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയിൽ കടവല്ലൂർ മേഖലയിൽ നിന്ന് രണ്ട് പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ രണ്ടുപേരെ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മേഖലാ കമ്മിറ്റിയുമായി കൂടിയാലോചന നടത്താതെയായിരുന്നു. ഇവരിൽ ഒരാൾ ആരോപണവിധേയനാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതിലുള്ള പ്രതിഷേധം ജില്ലാ കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും അറിയിച്ചെങ്കിലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായില്ലെന്ന് കടവല്ലൂർ മേഖലാ കമ്മിറ്റി പ്രസിഡന്റായിരുന്ന രവി പാലത്തുംകുഴി അറിയിച്ചു. ബി.ജെ.പി പോഷക സംഘടനാ ഭാരവാഹികളും രാജിവച്ചിട്ടുണ്ട്.