പാവറട്ടി: ദേവാലയ തിരുനാളിന്റെ ഭാഗമായി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ 252-ാം കമ്പിടി തിരുനാളിന്റെ ഭാഗമായി ജാതിമതഭേദമന്യേ 100 കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപയും 500 രൂപയും നൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതിയുടെയും വർഷത്തിൽ മൂന്ന് പേർക്ക് 1 ലക്ഷം രൂപ നൽകുന്ന വിവാഹ സഹായനിധിയുടെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം.പി. പല പഴയ പള്ളികളും പൊളിച്ച് നീക്കി പുതിയത് പണിയുമ്പോൾ പഴമയും പാരമ്പര്യവും നിലനിറുത്തുന്ന രീതിയിൽ പള്ളി നവീകരിച്ച ഇടവകാഗംങ്ങളെ എം.പി അനുമോദിച്ചു. വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. അസി. വികാരി ഫാ. ജോമോൻ മങ്ങാട്ടിളയൻ, ട്രസ്റ്റിമാരായ കെ.വി. ഇഗ്‌നി, പി.സി. ജോസ്, സി.കെ. സെബി, തിരുനാൾ കമ്മിറ്റി ഭാരവാഹികളായ സി.സി. ജോസഫ്, പി.സി. ജോയ്‌സൺ, കാരുണ്യ കമ്മിറ്റി കൺവീനർ പി.ഡി. ജോസ് എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്ക് മോൺ.ജോസ് വല്ലൂരാൻ, ഫാ.ഡേവിസ് പുലക്കോട്ടിൽ, ഫാ.ഫജോ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി. തുടർന്ന് വേസ്പരയും തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കലും തിരുവെഞ്ചിരിപ്പും നടന്നു. വെള്ളിയാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് തിരുസ്വരൂപം വഹിച്ച്‌കൊണ്ടുള്ള പ്രദക്ഷിണം, കുടുംബ അമ്പ് സമർപ്പണം, വാദ്യമേളം എന്നിവ ഉണ്ടായിരിക്കും.