ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗ ദാസ സ്വാമികളുടെ 103-ാമത് മഹാസമാധി ദിനം നാളെ സമുചിതമായി ആചരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി, മേൽശാന്തി എം.കെ. ശിവാനന്ദൻ ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 മണി മുതൽ ശാന്തി ഹോമം, അഭിഷേകം, വിശേഷാൽ പൂജകൾ, നാമസങ്കീർത്തനം, അർച്ചന, വൈകുന്നേരം 6 മണി മുതൽ സമൂഹ പ്രാർത്ഥന, കാണിക്ക സമർപ്പണം എന്നിവ ഉണ്ടാകും. കാലത്ത് 9 മണിക്ക് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾക്ക് സ്വീകരണം നൽകും. തുടർന്ന് സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം ഉണ്ടാകും. ചടങ്ങിൽ ഡോ.എൻ.വി. അതുല്യയെ ആദരിക്കും. വിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ വൈസ് പ്രസിഡന്റുമാരായ കെ.എ. വേലായുധൻ, എൻ.ജി. പ്രവീൺകുമാർ, സെക്രട്ടറി കെ.ആർ.രമേഷ്, ജോയിന്റ് സെക്രട്ടറി കെ.എൻ. പരമേശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.