കൊടുങ്ങല്ലൂർ: സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കടലിൽ നടത്തിയ പരിശോധനയിൽ അഴീക്കോട് തീരദേശ പൊലീസ് രേഖകളില്ലാത്ത പർസൻ ബോട്ട് പിടികൂടി. ചൂണ്ട ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനായി കൊച്ചിയിൽ നിന്നും പുറപ്പെട്ട മദർ എന്ന ബോട്ടാണ് കോസ്റ്റൽ സി.ഐ സി. ബിനുവും സംഘവും കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച പുലർച്ചെ രണ്ട് ബോട്ടുകളിൽ സ്പിരിറ്റ് കടത്തുന്നതായുള്ള വിവരത്തെ തുടർന്ന് തീരദേശ പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിൽ നിന്നും സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. എന്നാൽ 2015ന് ശേഷം ബോട്ടിന്റെ രേഖകൾ പുതുക്കിയിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം ബോട്ട് ഉടമയ്ക്ക് വിട്ടുനൽകി. കാരണമില്ലാതെ ബോട്ട് പിടികൂടിയ തീരദേശ പൊലീസ് 20 തൊഴിലാളികളുടെ രണ്ട് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിച്ചു. 2015ന് ശേഷം കേരളത്തിൽ പർസൻ ബോട്ടുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാത്ത സാഹചര്യത്തിൽ ഇത്തരം ബോട്ടുകളെ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശമുണ്ടെന്ന് ബോട്ടുടമ ആന്റണി പറഞ്ഞു.