പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡായ അന്നകരയിൽ രോഗം മൂലം അവശ നിലയിലായ പരേതനായ തെക്കൂട്ട് വിജയന്റെ ഭാര്യ രമ (56) യെ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫിസ്റ്റുല രോഗബാധിതയും പ്രമേഹം, ബി.പി അസുഖങ്ങളാൽ തീരെ അവശനിലയിലുമായിരുന്നു വീട്ടമ്മ. നിരാലംബയായി മകന്റെ കൂടെ കഴിഞ്ഞ് വരികയായിരുന്നു. അമ്മയുടെ അസുഖം മൂർച്ഛിച്ചതോടെ മകന് ഏക വരുമാനമാർഗമായ ആശാരിപ്പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആരും തന്നെ സഹായത്തിനില്ലാതെ മാനസികമായി ഒറ്റപ്പെട്ട നിലയിൽ സമൂഹവുമായി ഇടപഴകാത്ത രീതിയിലായിരുന്നു ഇവർ. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ, വാർഡ് മെമ്പൻ അനിത ഗിരിജകുമാർ, ആശാ വർക്കർ ബിനിത ശശി, അങ്കണവാടി വർക്കർ പി.ആർ. ഉഷ എന്നിവർ സ്ഥലം സന്ദർശിച്ച് സാമൂഹ്യ നീതി വകുപ്പിനെയും പൊലിസിനെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിച്ചു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ മുല്ലശ്ശേരി സി.എച്ച്.സിയുടെ ആംബുലൻസിൽ രോഗിയെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.