ഇരിങ്ങാലക്കുട: ബൈപാസ് റോഡിൽ തകർന്ന് കുഴികളായി കിടന്ന ഭാഗത്ത് നഗരസഭ ടൈൽസ് വിരിച്ചു. തുടർച്ചയായി ടാറിംഗ് ചെയ്തിട്ടും ഫലമില്ലാതെ വന്നതിനാലാണ് നഗരസഭ ടൈൽസ് വിരിക്കാൻ തീരുമാനിച്ചത്.
കാട്ടൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് തിരക്കേറിയ ബസ് സ്റ്റാൻഡ് വഴി പോകാതെ എളുപ്പത്തിൽ ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണ് സമാന്തരമായി ബൈപാസ് റോഡ് നിർമ്മിച്ചത്.
എന്നാൽ റോഡിന്റെ മദ്ധ്യത്തിൽ മീറ്ററുകളോളം തകർന്ന് കിടന്നിരുന്നത് കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇരിങ്ങാലക്കുട സന്ദർശിച്ചതിന് മുന്നോടിയായി ബൈപാസ് റോഡ് ടാർ ചെയ്തെങ്കിലും തകർന്ന് കിടന്നിരുന്ന ഭാഗത്ത് ടാറിംഗ് നടത്തിയിരുന്നില്ല.
പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ ഈ ഭാഗത്ത് വലിയ മെറ്റലുകളിട്ട് കുഴികളടച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബറിൽ ടൈൽസ് വിരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നെങ്കിലും മഴ കാരണം പ്രവൃത്തി നീണ്ടു. മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോകാൻ ഇരുവശത്തും കാനയില്ലാത്തതാണ് റോഡ് പെട്ടന്ന് തകരാൻ കാരണമെന്നാണ് ജനം ആരോപിക്കുന്നത്. അടിയന്തരമായി ഈ ഭാഗത്ത് കാന നിർമ്മിച്ചില്ലെങ്കിൽ അടുത്ത മഴയിൽ വീണ്ടും റോഡ് തകരാൻ സാദ്ധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കാന നിർമ്മിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.