 
ചെറുതുരുത്തി: രണ്ട് ദിവസം മുമ്പ് ചെറുതുരുത്തി ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ഇഴഞ്ഞെത്തിയ പിൻവശത്തെ രണ്ട് കാലുകളും ഒടിഞ്ഞ നായയ്ക്ക് പരിചരണമൊരുക്കി അദ്ധ്യാപകർ. നായയുടെ ദയനീയാവസ്ഥ കണ്ട സ്‌കൂൾ അദ്ധ്യാപകരായ അന്ന ഫിലിപ്പും മീരാഭായിയും പൊന്നുപോലെ നോക്കുകയാണ് നായയെ. പാലും ബിസ്‌കറ്റും വാങ്ങി നൽകും. ഒടിഞ്ഞ കാലുകൾ പൂർവ സ്ഥിതിയിലാക്കാൻ നായയെ മൃഗാശുപത്രിയിലെത്തിക്കണമെന്നുണ്ടെങ്കിലും നായ കടിക്കുമോ എന്ന പേടിയിൽ അത് വേണ്ടെന്ന് വെച്ചു. തൊട്ടകലെയുളള റോഡിൽ വച്ച് വാഹനമിടിച്ചാണ് നായയുടെ പിൻ കാലുകൾ ഒടിഞ്ഞതെന്നാണ് നിഗമനം. അവിടെ നിന്നും ഇഴഞ്ഞാണ് നായ സ്‌കൂളിലെത്തിയത്. സ്‌കൂളിലെ വരാന്തയിലാണ് നായയുടെ കിടപ്പ്. ഏതെങ്കിലും മൃഗ സ്‌നേഹികളോ സംഘടനകളോ നായയെ ഏറ്റെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ.