കോടാലി: അരിവാൾ എടുത്ത് നെല്ല് കൊയ്ത് കറ്റ കെട്ടിവച്ച് സുരേഷ് ഗോപി എം.പി. മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട് മുട്ടത്തുകുളങ്ങര പാടശേഖരത്തിലെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനമാണ് താരപരിവേഷത്തോടെ നടൻ സുരേഷ് ഗോപി നിർവഹിച്ചത്. സൂപ്പർ സ്റ്റാറിനെ കാണാനായി വലിയൊരു ജനക്കൂട്ടം തന്നെ പാടശേഖരത്തിന് സമീപം നിലയുറപ്പിച്ചിരുന്നു. താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരിലൊരാളായാണ് സുരേഷ് ഗോപി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്നതും ശ്രദ്ധേയമായി. പാടശേഖരത്തിലിറങ്ങി അരിവാൾകൊണ്ട് നെല്ല് കൊയ്ത് കറ്റ കെട്ടിയ ശേഷം പഞ്ചായത്തംഗം സുമിത ഗിരിക്ക് കൈമാറിയാണ് എം.പി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സുമിത ഗിരി അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത ജയൻ, കെ.എസ്. ബിജു, കെ.ടി. ഹിതേഷ്, അഡ്വ. മുഥുല രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. ഹരി, നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ പന്തല്ലൂർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. മോനൊടി ധർമ്മശാസ്താ ക്ഷേത്രപറമ്പിൽ തെങ്ങിൻതൈ നട്ട ശേഷമാണ് സുരേഷ് ഗോപി എം.പി. കൊയ്ത്തുത്സവത്തിനെത്തിയത്.