
തൃശൂർ : രാജ്യത്ത് അസഹിഷ്ണുതയ്ക്കെതിരെ ഒരുമിക്കേണ്ടത് സമാധാനത്തിന്റെയും പുരോഗമന ചിന്തകളുടെയും സരണികളാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് ശ്രീനാരായണ ചിന്തകളാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
ടി.ആർ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും തൃശൂർ ഗുരുഭവനും ചേർന്ന് സംഘടിപ്പിച്ച ടി.ആർ. രാഘവൻ അനുസ്മരണവും ശ്രീനാരായണ അവാർഡ് സമർപ്പണവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ കരുത്തോടെ പകർത്താനുള്ള പ്രധാന വഴി അതിന്റെ പ്രചാരകരാകുക എന്നതിനൊപ്പം ജീവിതത്തിലും പകർത്താൻ ശ്രമിക്കുക എന്നതാണ്. മണപ്പുറത്ത് വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ തുടക്കം കുറിച്ചത് ടി.ആർ. രാഘവനാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ശ്രീനാരായണ അവാർഡ് മാർത്തോമ മെത്രാപ്പൊലീത്ത മാർ തിയോഡോഷ്യസിന് മന്ത്രി സമർപ്പിച്ചു. ഗുരുവിന്റെ സന്ദേശം ഒരു വിഭാഗത്തിനോ ഒരു ജാതിക്കോ വേണ്ടിയുള്ളതായിരുന്നില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചേർത്തല ശ്രീനാരായണ ആശ്രമം സെക്രട്ടറി സ്വാമി അസ്‌പൃശ്യാനന്ദ പറഞ്ഞു. ഡോ.പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെ ടി.ആർ ട്രസ്റ്റ് ചെയർമാൻ ടി.ആർ. വിജയകുമാർ പൊന്നാട അണിയിച്ചു. ടി.എൻ. പ്രതാപൻ എം.പി അനുസ്മരണ പ്രഭാഷണവും പി. ബാലചന്ദ്രൻ എം.എൽ.എ അനുമോദന പ്രസംഗവും നടത്തി. അഡ്വ.പി.ആർ. വിവേക്, വസന്തകുമാരി വേണുഗോപാൽ, മണികണ്ഠൻ വാലത്ത് എന്നിവർ സംസാരിച്ചു.