പാവറട്ടി: എളവള്ളി ഗ്രാമ പഞ്ചായത്തിലെ പുരാതന ജലസ്രോതസുകളായിരുന്ന പൊതുകിണറുകൾ വൃത്തിയാക്കി മനോഹരമായി സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള തണ്ണീർക്കുടം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ 33 പൊതു കിണറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ആറ് കിണറുകളാണ് സംരക്ഷിക്കപ്പെടുന്നത്. ഘട്ടംഘട്ടമായി മുഴുവൻ കിണറുകളും പൂർത്തീകരിക്കും. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഓട്ടുരുളി, തണ്ണിമത്തൻ, മേശയിൽ വച്ചിരിക്കുന്ന ഗ്രന്ഥം, നാടൻ ഉരുളി, പൂക്കൊട്ട, ചക്ക കായ്ക്കുന്ന പ്ലാവ് എന്നിവയുടെ മാതൃകയിലാണ് കിണറുകൾ പുനർനിർമ്മിക്കുന്നത്. ചിറ്റാട്ടുകര സ്വദേശിയായ ശിൽ്പി ജേക്കബ് ചെമ്മണ്ണൂരാണ് നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പണ്ട് കാലത്ത് ഒരു പൊതുകിണർ ആ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. പ്രഭാതം മുതൽ അർദ്ധരാത്രി വരെ നിരവധി പേർ കപ്പിയിട്ട് വെള്ളം കോരി വളരെ അകലെയുള്ള വീടുകളിലേക്ക് തലച്ചുമടായും കാവുകളിലും എത്തിക്കുമായിരുന്നു. സ്വന്തമായി കിണർ എന്നത് അക്കാലത്ത് സ്വപ്നമായിരുന്നു. നാട് വികസിച്ചതോടെ പൊതുകിണറുകളും തുടികളും പുതു തലമുറയ്ക്ക് അന്യമായി. പൊതു കിണറുകൾ ചപ്പുചവറുകൾ കൂട്ടിയിടുന്ന കേന്ദ്രങ്ങളായി മാറ്റുന്ന പുത്തൻ തലമുറയ്ക്ക് തണ്ണീർക്കുടം പദ്ധതി പുനർചിന്തയ്ക്ക് വഴിവെയ്ക്കും.
തണ്ണീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ചെറുപുഷ്പം ജോണി, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, എൻ.ബി. ജയ, ശ്രീബിത ഷാജി, സനിൽ കുന്നത്തുള്ളി, ഷാലി ചന്ദ്രശേഖരൻ, അസി.എൻജിനീയർ ബാബു കെ.പോൾ എന്നിവർ പ്രസംഗിച്ചു.

1838 മുതലുള്ള പൊതുകിണറുകൾ ഗ്രാമപഞ്ചായത്ത് മേഖലയിലുണ്ട്. ശുദ്ധജലം പാഴാക്കാതെ സംരക്ഷിക്കപ്പെടണമെന്നും ഭൂഗർഭ ജലം അമൂല്യമാണെന്നും പുതു തലമുറയ്ക്ക് സന്ദേശം നൽകുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
-ജിയോഫോക്‌സ്
(പഞ്ചായത്ത് പ്രസിഡന്റ്)