ചാലക്കുടി: കെ.എസ്.ആർ.ടി.സി അധികാരികളുടെ വികലമായ നിലപാടിൽ വാൽപ്പാറ റൂട്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ സർവീസ് പ്രതിസന്ധിയിലായെന്ന് ചാലക്കുടി ചീനിക്കാസ് ഗ്രൂപ്പ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തങ്ങൾക്ക് ആർ.ടി.ഒ അനുവദിച്ച സമയത്തിന് പത്ത് മിനിറ്റിന് മുൻപ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുകയാണ്. ഇതുമൂലം 120 കിലോമീറ്റർ ദൂരം ഓടുന്ന തങ്ങളുടെ ബസുകൾ വലിയ നഷ്ടത്തിലായി. കെ.എസ്.ടി.സി ബസുകളുടെ സർവീസും നഷ്ടത്തിലാണ്-ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്വകാര്യ ബസ് മേഖലയെ ഇല്ലാതാക്കുന്ന ഇത്തരം സർവീസ് സമയങ്ങളിൽ മാറ്റം വരുത്താൻ കോർപറേഷന്റെ ജില്ലാ മേധാവികൾ തയ്യാറാണമെന്ന് ഇവർ പറഞ്ഞു. കെ.എം. ജോസ്, ടോജി വർഗീസ് എന്നിവർ വാർത്താസമ്മേളത്തിൽ സംബന്ധിച്ചു.