
തൃശൂർ: എം.ഒ റോഡ് മുതൽ ശക്തൻനഗർ വരെ മോഡൽ റോഡാക്കുക എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. 2013 മുതൽ ആരംഭിച്ച വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസ പ്രക്രിയയും അവസാനഘട്ടത്തിലെത്തി. 225 വഴിയോരക്കച്ചവടക്കാരുടെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സ്ഥലം നറുക്കെടുത്ത നടപടി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.
അതിദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി 55 ഡിവിഷനുകളിലും നിന്നും ലഭിച്ച ലിസ്റ്റ് പരിശോധിച്ച് അംഗീകരിച്ചു. സർവേ അതിവേഗം പൂർത്തീകരിച്ച് കോർപറേഷനുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് പ്രയത്‌നിച്ച എല്ലാവരെയും മേയർ എം.കെ. വർഗീസ് അഭിനന്ദിച്ചു. അമൃത് പദ്ധതിയുടെ സേവിംഗ്‌സ് തുകയായ 30 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. പി.ഒ. റോഡ് വൺവേ ആക്കിയത് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലൻ ആവശ്യപ്പെട്ടു. 100 മീറ്റർ റോഡ് വൺവേ ആയതുകൊണ്ട് ഗതാഗതസൗകര്യം വർദ്ധിച്ചിട്ടില്ലെന്നും മറിച്ച് ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വൺവേ പുനപരിശോധിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.