മലപ്പുറം തിരൂർ ആസ്ഥാനമായ കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്തർ ജില്ലാ സൈക്കിൾ യാത്രയ്ക്ക് നൽകിയ സ്വീകരണം നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: മലപ്പുറം ജില്ലയിലെ തിരൂർ ആസ്ഥാനമായ കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്തർ ജില്ലാ സൈക്കിൾ യാത്രയ്ക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ വടക്കെ നടയിൽ സ്വീകരണം നൽകി. രണ്ടാം ക്ലാസ് വിദ്യാർത്ഥി മുതൽ 75 വയസുകാരൻ വരെ യാത്രാ സംഘത്തിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കോവളത്തുകാരനായ 70കാരൻ പ്രഭാകരൻ കോവളത്ത് നിന്ന് സൈക്കിൾ ചവിട്ടി എത്തിയാണ് യാത്രാ സംഘത്തിൽ ചേർന്നത്. വിദ്യാർത്ഥിനികളും, അദ്ധ്യാപികമാരും, സർക്കാർ ഉദ്യോഗസ്ഥരും, കൃഷിക്കാരുമുൾപ്പെടെ 50 പേരാണ് സൈക്കിൾ ചവിട്ടി തിരൂരിൽ നിന്ന് കൊടുങ്ങല്ലൂരിൽ എത്തിയത്. വീട്ടമ്മയായ ഗീത സൈക്കിൾ ചവിട്ടു പഠിച്ച് 20-ാം ദിവസം യാത്രയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രയിൽ പങ്കെടുക്കുന്ന ഇവർ 14-ാം തവണയാണ് കൊടുങ്ങല്ലൂരിൽ എത്തിയത്.
റോഡിൽ സൈക്കിൾ പാത്തുകൾ അനുവദിക്കുക, ഹൈസ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി സർക്കാർ സൈക്കിൾ നൽകുക, സൈക്കിൾ യാത്രികർക്ക് സൗജന്യ ഇൻഷ്വറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യാത്രാസംഘം ഉന്നയിച്ചു. ഈ മാസം നാലിന് ആരംഭിച്ച യാത്ര വിവിധ ജില്ലകളിലൂടെ കടന്ന് ഒമ്പതിന് തിരൂരിൽ സമാപിക്കും. സ്വീകരണ യോഗം നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ലത ഉണ്ണികൃഷ്ണൻ, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, വി.എം. ജോണി, ഇ.ജെ. ഹിമേഷ്, അനിത ബാബു, ചന്ദ്രൻ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു.