തൃശൂർ: ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ പാറമേക്കാവ് വേല ആഘോഷിച്ചു. ഇന്നലെ രാവിലെ അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയോടെ സാംസ്‌കാരിക പരിപാടികൾ ആരംഭിച്ചു. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം നടപ്പുരയിൽ പഞ്ചവാദ്യം, തായമ്പക, കൊമ്പ് പറ്റ്, കുഴൽ പറ്റ്, രാത്രി 10ന് എഴുന്നെള്ളിപ്പിന് പരയ്ക്കാട് തങ്കപ്പൻമാരാരും കൂനിശേരി ചന്ദ്രനും അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യവും തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടായി. രാത്രി മേജർസെറ്റ് പഞ്ചവാദ്യത്തോടെ വടക്കുന്നാഥനിലേക്ക് വേല എഴുന്നള്ളിപ്പ് നടന്നു. ഈ മാസം രണ്ടിന് ആരംഭിച്ച ദേശപ്പാട്ടുകളും സമാപിച്ചു. പാറമേക്കാവ് വേലയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകിയിരുന്നു.
കളക്ടറുടെ സംഗീതാർച്ചനയോടെ തിരുവമ്പാടി ഏകാദശി സംഗീതോത്സവത്തിന് തുടക്കം
തിരുവമ്പാടി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് തുടക്കമായി. ജില്ലാ കളക്ടർ ഹരിത.വി.കുമാറിന്റെ സംഗീതാർച്ചനയോടെയാണ് ആറുദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കമായത്. നന്ദ നന്ദന ഗോപാല... എന്ന കീർത്തനമാണ് കളക്ടർ ആലപിച്ചത്. അഞ്ഞൂറോളം സംഗീത കലാകാരന്മാർ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ ആറുമുതൽ സംഗീതാരാധന ആരംഭിക്കും. 10ന് വൈകിട്ട് 6.30 ന് എ. ഇ. വാമനൻ നമ്പൂതിരിയുടെ കച്ചേരിയും 11 ന് മുടികൊണ്ടാൻ രമേശിന്റെ വീണക്കച്ചേരിയും 12 ന് മാതംഗി സത്യമൂർത്തിയുടെ കച്ചേരിയും അരങ്ങേറും. 12ന് ദശമി നാളിലെ പഞ്ചരത്‌ന കീർത്തനാലാപനത്തിന് കർണാടക സംഗീത മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പഞ്ചരത്‌ന കീർത്തനാലാപന ദിവസം മൃദംഗവിദ്വാൻ കോതോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ദിനമായി ആചരിക്കും. സംഗീതോത്‌സവത്തോടനുബന്ധിച്ചുള്ള സംഗീതതിലകം ബഹുമതി മൃദംഗ വാദകൻ ബാലക്യഷ്ണ കമ്മത്തിന് സമ്മാനിക്കും. 12 ന് വൈകുന്നേരത്തെ കച്ചേരിയോടെ സംഗീതോത്സവം സമാപിക്കും.