 
ഒല്ലൂർ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എ. പ്രദീപിന്റെ വീട്ടിൽ സാന്ത്വനവുമായി സുരേഷ് ഗോപി എം.പിയെത്തി. വൈകീട്ട് 6.30 ഓടെ പൊന്നൂക്കരയിലെ വസതിയിലെത്തിയ എം.പി വീടിന് മുമ്പിൽ വച്ചിരുന്ന ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ശയ്യാവലംബനായ പിതാവ് രാധാകൃഷ്ണന്റെ അസുഖ വിവരങ്ങൾ തിരക്കി. പ്രദീപിന്റെ മാതാവ് കുമാരി, സഹോദരൻ പ്രസാദ് എന്നിവരുമായും എം.പി സംസാരിച്ചു. പിതാവിന്റെ ചികിത്സയ്ക്കാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് എം.പി മടങ്ങിയത്. എം.പിയോടൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രനീഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന നേതാവ് ബിജോയ് തോമസ് എന്നിവരും ഉണ്ടായിരുന്നു.