 
ഗുരുവായൂരിൽ പുതൂർ ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക് എം.വി. ശ്രേയാംസ് കുമാർ എം.പി സമ്മാനിക്കുന്നു.
ഗുരുവായൂർ: ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിയ്ക്ക് എം.വി. ശ്രേയാംസ്‌കുമാർ എം.പി സമ്മാനിച്ചു. പുതൂരുമായി തനിയ്ക്ക് തലമുറകളുടെ ബന്ധമാണുള്ളതെന്നും തന്റെ പിതാവ് എം.പി. വീരേന്ദ്രകുമാറിനെ എഴുത്തുകാരനാക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കാണുള്ളതെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. 11, 111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകൽപന ചെയ്ത വെങ്കലശിൽപവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പുതൂരിനെ പോലെ പച്ചമനുഷ്യനായി വെളിച്ചപ്പെട്ട എഴുത്തുകാർ മലയാളത്തിൽ നന്നേ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. പുതൂരിന്റെ 'ഓർമ്മച്ചിന്തുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീകുമാരൻ തമ്പി നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം യൂജിൻ മൊറോലി ഏറ്റുവാങ്ങി. സാഹിത്യത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണനേയും കാര്യക്കേച്ചറിന്റെ 30 വർഷം പിന്നിട്ട ജയരാജ് വാര്യരേയും ആദരിച്ചു. പുതൂർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഷാജു പൂതൂർ, ഡോ.രശ്മി, ബാലൻ വാറണാട്ട് എന്നിവർ പ്രസംഗിച്ചു.