foto

വിലങ്ങന്നൂർ പായ്ക്കണ്ടത്ത് ചെറുവത്തൂർ വീട്ടിൽ മറിയാമ്മയ്ക്ക് നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു.

വിലങ്ങന്നൂർ: മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്നതിനാവണം രാഷ്ട്രീയ മത്സരം നടക്കേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിലങ്ങന്നൂർ പായ്ക്കണ്ടത്ത് ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയമല്ല, സഹാനുഭൂതിയുടെ രാഷ്ട്രീയമാണ് പാഠമാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാണഞ്ചേരി പഞ്ചായത്തിലെ പായ്ക്കണ്ടത്ത് ചെറുവത്തൂർ വീട്ടിൽ മറിയാമ്മയ്ക്കും ചാത്തംകുളത്ത് മുടിക്കോട്ടിൽ വീട്ടിൽ കമലയ്ക്കുമാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. 2020 നവംബറിൽ വീടുകളുടെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ നിർവഹിച്ചിരുന്നു. പിന്നീട് ഫെബ്രുവരിയിൽ വീടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനും അദ്ദേഹം എത്തിയിരുന്നു. ഗുരുതരമായ രോഗം ബാധിച്ച് വീൽചെയറിൽ കഴിയുകയാണ് മറിയാമ്മ. മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് മക്കൾ മാത്രമാണ് മറിയാമ്മയ്ക്ക് കൂട്ടായുള്ളത്. ചാത്തംകുളത്ത് സഹായത്തിനാരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന വയോധികയാണ് കമല. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറിമാരായ ഒ. അബ്ദുറഹ്മാൻകുട്ടി, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, പി.എ. മാധവൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.