
തൃശൂർ: എഫ്.സി.ഐ ഗോഡൗണിലെ ഭക്ഷ്യധാന്യം കാലപ്പഴക്കം വന്നാൽ പുതിയ ചാക്കിലാക്കി റേഷൻ വിതരണത്തിന് ലോറിയിൽ കയറ്റാൻ തൊഴിലാളികൾക്കുള്ള ' റേഷൻ വീട്ടെടുപ്പ് കൂലി ' കരാറുകാർ മുന്നറിയിപ്പില്ലാതെ വെട്ടി. റേഷൻ ഭക്ഷ്യധാന്യ വിതരണച്ചുമതല റേഷൻ മൊത്ത വ്യാപാരികളിൽ നിന്ന് മാറ്റി സംസ്ഥാന സർക്കാർ നേരിട്ട് നടത്തിയത് മുതൽ കരാർ വ്യവസ്ഥയിലുള്ള തീരുമാനമായിരുന്നു വീട്ടെടുപ്പ് കൂലി. പത്ത് ടണിന് 750 രൂപയാണ് തൊഴിലാളികൾക്ക് നൽകിയിരുന്നത്. സംസ്ഥാനത്ത് അയ്യായിരത്തോളം വരുന്ന എഫ്.സി.ഐ കയറ്റിറക്ക് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരുന്നു ഇത്.
2016 വരെ സ്വകാര്യ റേഷൻ മൊത്ത വ്യാപാരം നടത്തുന്ന കരാറുകാരാണ് വീട്ടെടുപ്പ് കൂലി നൽകിയത്. നിലവിൽ സർക്കാർ ടെൻഡർ വിളിച്ച് റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം കരാറുകാരെ ഏൽപ്പിച്ചിരിക്കുകയാണ്. ടെൻഡർ വ്യവസ്ഥയിൽ വീട്ടെടുപ്പ് കൂലി നൽകണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചു. ഇതാണ് പല ഗോഡൗണുകളിലും കരാറുകാർ നൽകാത്തത്.
വിട്ടേടുപ്പ് കൂലി നൽകാത്ത കരാറുകാരിൽ നിന്ന് തുക പിടിച്ചെടുക്കണമെന്ന് നേരത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന അസ്ഗർ അലി പാഷ ഉത്തരവിട്ടെങ്കിലും ഇത് ലംഘിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തെ സിവിൽ സപ്ലൈസ് വകുപ്പ് സ്ഥലം മാറ്റി. സംഭവത്തിൽ മന്ത്രിതല ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
റേഷൻ വീട്ടെടുപ്പ്
എഫ്.സി.ഐ ഗോഡൗണിൽ വരുന്ന ഭക്ഷ്യധാന്യം വാഗണുകളിൽ നിന്നും ഇറക്കിവയ്ക്കുക, ഇറക്കിവച്ചവ കയറ്റിക്കൊടുക്കുക എന്നീ രണ്ടുതരം ജോലിയാണ് തൊഴിലാളി ചെയ്യുന്നത്. ഗോഡൗണിനകത്ത് അട്ടിയിട്ടിരിക്കുന്ന ഭക്ഷ്യധാന്യ സ്റ്റോക്കുകളിലെ ചാക്കുകൾ ഓരോന്നും മാറ്റി കീറിയതും പെട്ടിയതും പൊളിഞ്ഞതും ദ്രവിച്ചതുമായ ചാക്കുകൾ തിരഞ്ഞെടുത്ത് ചുമന്ന് മാറ്റിയിടും. മാറ്റിയിട്ട ചാക്കുകളിലെ കട്ടപിടിച്ചതും പുഴുക്കുത്തുള്ളതും പൊടിയായതും എടുത്ത് മാറ്റി അരിയും ഗോതമ്പും വേറെ പുതിയ ചാക്കിലേക്ക് മാറ്റി നിറച്ച് തുന്നിക്കെട്ടി ലോറിയിൽ കയറ്റിക്കൊടുക്കുകയാണ് ചെയ്യുക.
കരിനിയമം കത്തിച്ച് പ്രതിഷേധം
റേഷൻ വിട്ടേടുപ്പ് കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഫ്.സി.ഐ ഗോഡൗണുകൾക്ക് മുന്നിലും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങി സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കരിനിയമം കത്തിച്ച് പ്രതിഷേധിച്ചു. റേഷൻ വീട്ടേടുപ്പ് കൂലി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് നിവേദം നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.