 
തൃശൂർ: ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം.പി മേയർ എം.കെ. വർഗീസുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ മേയറുടെ ചേംബറിലെത്തി ചർച്ച നടത്തിയത്. കുളം നവീകരണത്തിനൊപ്പം ആദ്യഘട്ടത്തിൽ അഞ്ച് കടകളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തണമെന്ന നിർദ്ദേശം സുരേഷ് ഗോപി മുന്നോട്ട് വച്ചു. തുകയുടെ ലഭ്യതയനുസരിച്ച് കൂടുതൽ തുക നൽകുന്നത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. തൃശൂരിന്റെ സമഗ്ര വികസനം, നാലമ്പല ദർശനത്തിന് സൗകര്യം ഒരുക്കാൻ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തൽ തുടങ്ങീ വിഷയങ്ങളും ചർച്ച ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ പൂർണിമ സുരേഷ്, ഡോ.വി. ആതിര, നിജി, എൻ.വി. രാധിക, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, സിന്ധു ആന്റോ ചാക്കോള, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് രഘുനാഥ്. സി.മേനോൻ എന്നിവർ പങ്കെടുത്തു. കോർപറേഷനിലെത്തിയ സുരേഷ് ഗോപിയെ മേയർ സ്വീകരിച്ചു.