എടമുട്ടം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അമ്പത് നിയമസഭാ വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. വലപ്പാട് പഞ്ചായത്തിൽ എസ്.എൻ സെന്ററിൽ താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട സന്തോഷിനാണ് ഭവനമൊരുക്കിയത്. സന്തോഷിന്റെ അവസ്ഥയറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിൻ സന്തോഷിന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ വിവരം ധരിപ്പിച്ചപ്പോൾ കുടുംബത്തെ ഏറ്റെടുക്കാൻ നിർദ്ദേശം നൽകി. മണപ്പുറം ഗ്രൂപ്പിന്റെയും മറ്റ് സുമനുസകളുടെയും സഹായത്തോടെയാണ് വീട് പൂർത്തീകരിച്ചത്. ടി.വി, കിടക്ക, മേശ, കസേര തുടങ്ങിയ സാധനങ്ങളും എത്തിച്ചുനൽകി. മകളുടെ വിദ്യാഭ്യാസവും വിവാഹ ചെലവുകളും ഏറ്റെടുക്കുമെന്ന് ശോഭ സുബിൻ പറഞ്ഞു. വീടിന്റെ താക്കോൽ സന്തോഷിന്റെ ഭാര്യ ഷീജ, അമ്മ സീത, മകൾ കാവ്യ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. വിശിഷ്ടാഥിതിയായിരുന്ന മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വി.ആർ. വിജയൻ, സുനിൽ ലാലൂർ, വി.എ. ഫിറോസ്, സുമേഷ് പാനാട്ടിൽ, സന്തോഷ് പുളിക്കൽ, ബിനോയ് ലാൽ തുടങ്ങിയവർ സംസാരിച്ചു.