 
കുന്നംകുളം: ശരീരത്തിന്റെ ഒരു വശം തളർന്ന് ഭർത്താവ്, 11 വയസ് പ്രായമുള്ള മകൻ. ജീവിതത്തിൽ പ്രബിതക്ക് ഒറ്റയ്ക്ക് ഓടിത്തീർക്കേണ്ട ദൂരങ്ങൾ ഇനിയുമേറെ. ജീവിത പ്രതിസന്ധികളിൽ തളർന്ന് പോയ സമയങ്ങളിൽ അതിനെയെല്ലാം തരണം ചെയ്ത ഒരു പെൺകുട്ടിയാണ് ചിറ്റഞ്ഞൂർ സ്വദേശിനി പ്രബിത. തന്റെ 31 വയസിനിടെ ഒട്ടേറെ ജീവിത പ്രതിസന്ധികളെ തരണം ചെയ്ത പ്രബിത കുന്നംകുളത്തെ 'സുഭിക്ഷ ഹോട്ടൽ' ജീവനക്കാരിയാണ്. ചിറ്റഞ്ഞൂരിലെ ക്വാട്ടേഴ്‌സിൽ 1 വർഷത്തോളമായി വാടകയ്ക്ക് താമസിക്കുകയാണ് പ്രബിതയും കുടുംബവും.
ഭർത്താവും മകനുമടങ്ങുന്ന പ്രബിതയുടെ കുടുംബം സന്തോഷത്തോടെ മന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഭർത്താവ് ബിജി ശരീരം തളർന്ന് കിടപ്പായത്. 2 വർഷം മുൻപാണ് ഡ്രൈവറായിരുന്ന ഭർത്താവ് ബിജിക്ക് ആ ദുരന്തം ഉണ്ടാകുന്നത്. അന്ന് മുതൽ കുടുംബത്തിന്റെ മുഴുവൻ ചുമതലയും പ്രബിതക്കായി. വീട്ടു ജോലിക്ക് പോയിരുന്ന പ്രബിതക്ക് ഭർത്താവിന്റെ ചികിത്സാ ചിലവ്, മകന്റെ പഠനം, വിട്ടിലെ ചെലവ് ഇതിനെല്ലാമുള്ള പണം കണ്ടെത്താനാവതെ വന്നു. മെച്ചപ്പെട്ട ജോലി ലഭിക്കാനായി കുടുംബശ്രീ മുഖാന്തിരം ആലപ്പുഴയിലേക്ക് ഹോം നഴ്‌സിംഗ് ട്രെയിനിംഗിനായി പോയി. അവിടെ വച്ച് മുൻ കുന്നംകുളം നഗരസഭ സെക്രട്ടറിയായിരുന്ന കെ.കെ. മനോജിൽ നിന്നും സുഭിക്ഷയിൽ ഒഴിവുണ്ടെന്ന വിവരം അറിഞ്ഞാണ് പ്രബിത സുഭിക്ഷയിലെത്തുന്നത്. ജോലി സ്ഥിരമാകുമോ എന്ന ഉറപ്പില്ലാത്തത് കൊണ്ട് സ്വന്തം വീട്ടിലെ ജോലി തീർത്ത് ഭർത്താവിന് ഭക്ഷണം നൽകി, ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണം മകനെ എൽപ്പിച്ച് മറ്റൊരു വീട്ടിലെ വീട്ടുജോലി കഴിഞ്ഞാണ് പ്രബിത സുഭിക്ഷയിൽ എത്തിയത്.
ഒരു ദിവസം 100 മസാലദോശയുടെ ഓർഡർ സുഭിക്ഷയിലേക്ക് എത്തിയപ്പോൾ കോ-ഓർഡിനേറ്റർ അനിതയ്ക്ക് മനസിൽ ആശങ്ക ഉണ്ടായിരുന്നു. ആ ചലഞ്ച് ഏറ്റെടുക്കുമ്പോൾ അനിതയുടെ ചിന്തയിൽ പ്രബിതയായിരുന്നു, അത് തെറ്റിയില്ല. പറഞ്ഞ സമയത്തിന് 30 മിനിറ്റ് മുൻപ് ഒരു കല്ലിൽ 2 മസാലദോശ വീതം ഇട്ട് 100 മസാല ദോശ ഉണ്ടാക്കി പ്രബിത. സുഭിക്ഷയിലെ മസാലദോശയ്ക്ക് പ്രബിതയുടെ കയ്യൊപ്പുണ്ട്. മസാലദോശയിലെ ചമ്മന്തിക്ക് പ്രബിതയുടെ കൈപുണ്യമുണ്ട്. അത് സുഭിക്ഷയിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയം കൂടി ആകുമ്പോൾ അതിന് മാധുര്യമേറും.
ഇതിനിടെ പ്രബിതയുടെ ഭർത്താവ് നടക്കാൻ തുടങ്ങി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നിലയിൽ ഭർത്താവ് മാറി എങ്കിലും ജോലിയ്ക്ക് പോകാൻ കഴിയുന്ന അവസ്ഥയിലെത്തിയിട്ടില്ല. പ്രബിതക്ക് ഇപ്പോൾ മെച്ചപ്പെട്ട ശമ്പളം സുഭിക്ഷയിൽ നിന്നും ലഭിക്കുന്നു. പ്രബിതയുടെ ഏക സ്വപ്നം സ്വന്തമായൊരു വീട് ആണ്. അതൊരു ചോദ്യ ചിഹ്നമായി ഇപ്പോഴും ബാക്കിയാണ്.