 
കൊടുങ്ങല്ലൂർ: ബിന്ദുവിന്റെ ആത്മവിശ്വാസം വിജയിച്ചപ്പോൾ പരിമിതികൾ പിന്നിലായി. രാജഗിരിയിൽ നടന്ന ഭിന്നശേഷിക്കാർക്കായുള്ള പതിനൊന്നാമത് പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിനിയായ ബിന്ദു നേടിയത് ഇരട്ട വിജയം. ജന്മനാൽ ഭിന്നശേഷിക്കാരിയായ ബിന്ദു തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. നൂറ് മീറ്റർ വീൽചെയർ റേസിൽ ഒന്നാം സ്ഥാനവും, ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈകാതെ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിന്ദു. കടലാസ് പേനകൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധയാണ് ബിന്ദു. എടവിലങ്ങ് കാര ബീച്ച് റോഡിൽ പരേതനായ കൈതക്കാട്ട് കേശവന്റെയും നാരായണിയുടെയും മകളാണ്.