bhavanamവീടിന്റെ താക്കോൽ ദാനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: വർഷങ്ങൾക്ക് മുമ്പാണ് പോണത്ത് ദിനേശന്റെ തറവാട് വീട് കടലെടുത്ത് പോയത്. അന്ന് മുതൽ ദിനേശൻ വാടക വീട്ടിലാണ് താമസം. നാളുകൾക്ക് ശേഷം പുനർഗേഹം പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ 50 മീറ്റർ ദൂരപരിധിയിലെ എല്ലാ വീടുകളും പദ്ധതിയിൽ ഉൾപ്പെട്ടു. ദിനേശന്റെ തറവാട് സ്ഥലം പൂർണമായും കടലെടുത്തതിനാൽ സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതെ പോകുകയായിരുന്നു. മത്സ്യതൊഴിലാളിയായ ദിനേശന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഹരിത വി. കുമാർ ദിനേശനെ പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. എടവിലങ്ങ് പഞ്ചായത്തിലെ വാർഡ് പന്ത്രണ്ടിൽ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് ഇരിങ്ങാലക്കുട രൂപത പണികഴിപ്പിച്ച നാല് ഫ്ലാറ്റുകളിൽ ഒരെണ്ണമാണ് ദിനേശന് സർക്കാർ അനുവദിച്ചത്. വീടിന്റെ താക്കോൽദാനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈലാസൻ, മെമ്പർമാരായ സന്തോഷ് കോരുചാലിൽ, ഗിരീഷ്, നിഷ അജിതൻ, ബിബിൻദാസ്, ഷാഹിന ജലീൽ, അനസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.