പാവറട്ടി: നിരവധി മാസങ്ങളിലെ കാത്തിരിപ്പിന് വിരാമമായി പെരുവല്ലൂർ പരപ്പുഴയിൽ സമാന്തര റോഡ് യാഥാർത്ഥ്യമായി. പുഴയ്ക്ക് കുറുകെ അടിഭാഗത്ത് വെള്ളം പോകുന്നതിനായി പൈപ്പിട്ട് അതിന് മുകളിൽ ഇരുവശങ്ങളിലും തെങ്ങിന്റ കുറ്റികൾ ഉറപ്പിച്ച് മണ്ണിട്ട് നിറച്ചാണ് സമാന്തര റോഡ് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റിയുള്ള ഗട്ടർ യാത്രയ്ക്ക് ഇതോടെ സമാപ്തിയായി. ടു വീലർ, ഓട്ടോ, കാർ, ട്രാവലർ, മിനി ലോറി എന്നിവ ഇപ്പോൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. കൂടുതൽ മണ്ണിട്ട് റോഡ് ഉയർത്തി നന്നായി ഉറച്ചതിന് ശേഷമേ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതിലൂടെ അനുവദിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
പരപ്പുഴയിലെ യാത്രാക്ലേശത്തിന് പരിഹാരമായി സമാന്തര റോഡ് വേണമെന്ന ജനകീയ ആവശ്യം മുൻനിറുത്തി 'കേരളകൗമുദി ' നിരവധി തവണ വാർത്തകൾ നൽകിയിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകൾ വിഷയം ഉന്നയിച്ച് നിരവധി തവണ സമരങ്ങളും നടത്തിയിരുന്നു. മുരളി പെരുനെല്ലി എം.എൽ.എ നിയമസഭയിൽ സമാന്തര റോഡിനായി സബ്മിഷനും ഉന്നയിച്ചിരുന്നു.
അതേസമയം പരപ്പുഴപ്പാലത്തിന്റെ പുനർ നിർമ്മാണം പുരോഗമിക്കുകയാണ്. 2021 ഡിസംബർ 31 ന് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു മുൻ തീരുമാനം. 2022 മാർച്ച് 31 നകം പാലം നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എൽ.എ. പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരപ്പുഴ പാലം തകർന്നത് മൂലം പറപ്പൂർ വഴി പാവറട്ടി റൂട്ടിലൂടെയുള്ള വാഹന ഗതാഗതം ദുഷ്‌ക്കരമായി തുടരുകയാണ്. തൃശൂരിൽ നിന്നു വരുന്ന വാഹനങ്ങൾ അന്നകരയിൽ നിന്ന് എലവത്തൂർ മാടക്കാക്കൽ വഴി മുല്ലശ്ശേരി കൂടിയാണ് പാവറട്ടിക്ക് പോകുന്നത്. അന്നകര കോക്കൂർ എളവള്ളി വഴി പെരുവല്ലരിൽ എത്തി പാവറട്ടി ഭാഗത്തേക്കും പോകുന്നു. ഈ രണ്ട് റൂട്ടിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പാവറട്ടി പറപ്പൂർ വഴി തൃശൂരിലേക്ക് പോകുന്ന മിക്ക ബസുകളും സർവീസ് നിറുത്തിയിട്ടുമുണ്ട്.ജനകീയ ആവശ്യം ശക്തമായതോടെയാണ് മുരളി പെരുനെല്ലി എം.എൽഎ മുൻകൈ എടുത്ത് സമാന്തര പാത നിർമ്മിച്ചത്.