ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആയുർവേദ സമുച്ചയം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു. കൊട്ടിലായ്ക്കൽ പറമ്പിലെ ദേവസ്വം ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് സമുച്ചയം ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം എന്നിവക്ക് ഊന്നൽ നൽകി ഒ.പി ചികിത്സ, ആയുർവേദ സൗന്ദര്യ വർദ്ധക ചികിത്സ, ജനറൽ മസാജ്, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സാ രീതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് കൗമാരത്തിലെ ആരോഗ്യപ്രശ്നങ്ങളും ആയുർവേദവും സമന്വയിപ്പിച്ച് ബോധവത്കരണം, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ ചികിത്സാ ക്യാമ്പുകൾ, ഔഷധ സസ്യ കൃഷി തുടങ്ങിയ പദ്ധതികളും ആയുർവേദ സമുച്ചയം വഴി ലക്ഷ്യമിടുന്നുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.