 എടവിലങ്ങ് പഞ്ചായത്തിലെ എം.എൻ ലക്ഷം വീട് കോളനിവാസികൾക്ക് ഭവന നിർമ്മാണത്തിനായുള്ള ആദ്യ ഫണ്ട് വിതരണം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി. സുനീർ നിർവഹിക്കുന്നു.
എടവിലങ്ങ് പഞ്ചായത്തിലെ എം.എൻ ലക്ഷം വീട് കോളനിവാസികൾക്ക് ഭവന നിർമ്മാണത്തിനായുള്ള ആദ്യ ഫണ്ട് വിതരണം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി. സുനീർ നിർവഹിക്കുന്നു.
സംസ്ഥാനത്തെ ലക്ഷം വീട് കോളനികൾ സ്വതന്ത്ര വീടുകളാകും
കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ ലക്ഷം വീട് കോളനികൾ ഇനി ഒറ്റ വീടായി മാറ്റുമെന്ന് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി. സുനിർ. എടവിലങ്ങ് പഞ്ചായത്തിലെ എം.എൻ ലക്ഷം വീട് കോളനിയിലെ 15 വീട്ടുകാർക്ക് സ്വതന്ത്ര വീട് നിർമ്മിക്കാൻ ആദ്യ ഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വീടിന്റെ രണ്ടു ഭാഗത്തുമായി രണ്ടു കുടുംബങ്ങളാണ് താമസിച്ചു പോന്നിരുന്നത്. കാലപ്പഴക്കം സംഭവിച്ച് ജീർണിച്ച ഈ വീടുകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. വീട് ഉണ്ട് എന്ന കാരണത്താൽ ഇവർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം പുതിയ വീടിന് അപേക്ഷിക്കുവാനും കഴിഞ്ഞിരുന്നില്ല.
ഇവരുടെ അവസ്ഥ അറിയിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സർക്കാരിനും സംസ്ഥാന ഭവന നിർമ്മാണ ബോർഡിനും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ മുഴുവൻ ലക്ഷം വീട് കോളനികളും ഒറ്റ വീടാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയായിരുന്നു.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആദ്യ ഫണ്ട് വിതരണം ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി. സുനീർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈലാസൻ, ഷാഹിന ജലീൽ, നിഷ അജിതൻ, എം.എ. ഹരിദാസൻ, സന്തോഷ് കോരുചാലിൽ തുടങ്ങിയവർ സംസാരിച്ചു.
വീടിന്റെ നിർമ്മാണം ഇങ്ങനെ
ഒരോ വീട്ടുകാർക്കും നാല് ലക്ഷം വീതമാണ് അനുവദിച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് ഉപഭോക്താവിന് പണം അനുവദിക്കുക. 400 സ്‌ക്വയർ ഫീറ്റിലാണ് പുതിയ വീടിന്റെ നിർമ്മാണം.