ചാവക്കാട്: എടക്കഴിയൂരിന് അഴകായി ചന്ദനക്കുടം കൊടികുത്ത് നേർച്ച. എടക്കഴിയൂർ മർഹൂം വലിയ ജാറത്തിങ്ങൽ സൈദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 164-ാം ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. രാവിലെ എട്ടിന് വടക്കുഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കഴിയൂർ യഹിയ തങ്ങൾ വസതിയിൽ നിന്ന് ഗജവീരന്റെ അകമ്പടിയോടെ പുറപ്പെട്ട കൊടിയേറ്റ കാഴ്ചയും തെക്കുഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിദ്ദിഖ് മഹ്‌ളറ പള്ളിയിൽ നിന്ന് പുറപ്പെട്ട കൊടിയേറ്റ കാഴ്ചയും പത്തിന് ജാറം അങ്കണത്തിൽ എത്തിച്ചേർന്നു.
തുടർന്ന് ഇരുകമ്മിറ്റികളും കൊടിയേറ്റം നടത്തി. നേർച്ചയോട് അനുബന്ധിച്ച് ശനിയാഴ്ച വടക്കുഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താബൂത്ത് കാഴ്ച ഉണ്ടായിരുന്നു. വൈകിട്ട് എടക്കഴിയൂർ കാജ ബീച്ചിൽ നിന്ന് ഗജവീരന്റെയും ഹുസൈൻ ഹാജി നയിച്ച ബദരിയ മുട്ടും വിളി സംഘത്തിന്റെയും അകമ്പടിയോടെ പുറപ്പെട്ട താബൂത്ത് കാഴ്ച ജാറം അങ്കണത്തിൽ എത്തി. തുടർന്ന് ഇശൽ വിരുന്ന്, കോൽക്കളി, ദഫ്മുട്ട്, ചെണ്ടമേളം തുടങ്ങി നിരവധി കലാരൂപങ്ങൾ ജാറം അങ്കണത്തിൽ അരങ്ങേറി. വടക്കുഭാഗം കമ്മിറ്റി പ്രസിഡന്റ് ടി.പി. ഷെക്കീർ, വൈസ് പ്രസിഡന്റ് സക്കറിയ തങ്ങൾ, ജനറൽ സെക്രട്ടറി കാസിം തയ്യിൽ, ജോയിന്റ് സെക്രട്ടറി യഹിയ തങ്ങൾ, ട്രഷറർ ബഷീർ തങ്ങൾ, രക്ഷാധികാരികളായ ശിവൻ കൊഴപ്പാട്ട്, ബക്കർ കളൂർ, ജാഫർ തങ്ങൾ, ഷാക്കിർ അയ്യത്തയിൽ, തെക്കുംഭാഗം കമ്മിറ്റി പ്രസിഡന്റ് കമറു, സെക്രട്ടറി ഇസ്മായിൽ, ഒ. ഹാജി മുഹമ്മദ്, ജബ്ബാർ, ഫാറൂഖ് തുടങ്ങിയവർ നേതൃത്വം നൽകി. ചാവക്കാട് എസ്.എച്ച്.ഒ: കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.