ചാലക്കുടി: ഒമിക്രോൺ ഭീതിക്കിടെ ചാലക്കുടിപ്പുഴയിലെ കൊമ്പൻപാറ തടയണ സജീവമാകുന്നു. പരിയാരം, മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തടയണ സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. നിറഞ്ഞുകിടക്കുന്ന പുഴയിൽ നിന്നും മഴവിൽ അഴകിൽ താഴേക്ക് വെള്ളം വീഴുന്ന കാഴ്ച ആർക്കും ആർദ്രമായ അനുഭൂതി ഉണർത്തും.
നീലാകാശ പരപ്പും വിശാലമായ പുഴയുടെ ദൃശ്യവും ദർശിക്കാൻ നിരവധിയാളുകൾ ഇവിടെ സ്ഥിരം സന്ദർശകരാകുന്നു. ചൂണ്ടയിടാനും സൊറ പറഞ്ഞിരിക്കാനും പരിസരത്തുള്ളവരും എത്തുന്നതോടെ സി.എസ്.ആർ കടവ് പകലുകളിൽ സജീവമാകും.
ലോക്ക് ഡൗൺ കാലം കടവ് വിജനമായിരുന്നു. പിന്നീട് മെല്ലെ ആളുകൾ എത്താൻ തുടങ്ങി. ഇപ്പോൾ ആസ്വാദകരായി ദൂരെ നിന്നും വിനോദ സഞ്ചാരികളുമുണ്ട്. അപകടങ്ങൾ പതിയിരിക്കുന്ന ഇടം കൂടിയാണ് കടവ്. നീന്തൽ അറിയാത്തവർ വെള്ളത്തിലിറങ്ങുന്നതും തിക്കിത്തിരക്കി തടയണയിലൂടെ നടക്കുന്നതും അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നുണ്ട്.
ദുർഘട സാഹചര്യം ഒഴിവാക്കാനായാൽ കൊമ്പൻപാറ തടയണയെ വിനോദ സഞ്ചാര പട്ടികയിൽ ഉൾപ്പെടുത്താനാകും.