palamകൊടുങ്ങല്ലൂർ നഗരസഭയിലെ പതിനെട്ടാം വാർഡിൽ ശൃംഗപുരം കനാലിന് കുറുകെ നാട്ടുകാർ നിർമ്മിച്ച പാലം.

കൊടുങ്ങല്ലൂർ: അധികാരികളെ കാത്തിരുന്നില്ല, നാട്ടുകാർ നിർമ്മിച്ച പാലത്തിന്റെ പുനർനിർമ്മാണവും അവർ തന്നെ നടത്തി. കൊടുങ്ങല്ലൂർ നഗരസഭയിലെ പതിനെട്ടാം വാർഡിൽ ശൃംഗപുരം കനാലിന് കുറുകെയാണ് നാട്ടുകാരുടെ സ്വന്തം ജനകീയ പാലം നിലനിൽക്കുന്നത്.

അഞ്ച് വർഷം മുമ്പ് നാട്ടുകാർ നിർമ്മിച്ച ഇരുമ്പ് പാലം തുരുമ്പെടുത്ത് ജീർണാവസ്ഥയിലായിരുന്നു. തൊഴിലാളികളും വിദ്യാർത്ഥികളുമുൾപ്പടെ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാലം വാർഡ് കൗൺസിലർ സി.എസ്. സുവിന്ദിന്റെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു.

ഏകദേശം അമ്പതിനായിരം രൂപ ചെലവഴിച്ചാണ് ഇരുപത്തിയഞ്ചടിയോളം നീളമുള്ള പാലം പുനർനിർമ്മിച്ചത്. കാവിൽക്കടവ്, പുല്ലൂറ്റ് പ്രദേശങ്ങളിൽ നിന്നും വരുന്ന ഇരുചക്രവാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും ദേശീയ പാതയിൽ കയറാതെ എൽത്തുരുത്ത്, ആനാപ്പുഴ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയിൽ എത്തിച്ചേരാൻ സഹായിക്കുന്ന യാത്രാ മാർഗമാണ് കനാൽപ്പാലം. ഒരു കാലത്ത് കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ ജലഗതാഗത മാർഗമായിരുന്ന ശൃംഗപുരം തോടിന് കുറുകെയാണ് പാലം സ്ഥിതിചെയ്യുന്നത്.

ചെലവ് 50,000 രൂപ

25 അടി നീളം
എൽതുരുത്ത്, ആനാപ്പുഴ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴി