പാവറട്ടി: 43 വയസിന്റെ പ്രാരാബ്ദങ്ങൾക്കിടയിലും ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ വാരിക്കൂട്ടി വീട്ടമ്മയുടെ മിന്നും പ്രകടനം. മുള്ളൂർ സ്വദേശി തച്ചംപുള്ളി ചെറുകണ്ടന്റയും കാളികുട്ടിയുടെയും പത്താമത്തെ മകൾ ടി.സി. രജനിയാണ് മെഡൽക്കൊയ്ത്ത് നടത്തി വ്യത്യസ്തയാകുന്ന വീട്ടമ്മ.
വാരാണസിയിൽ ഡിസംബർ 26 മുതൽ 30 വരെ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലായിരുന്നു രജനിയുടെ പ്രകടനം.
സ്പ്രിന്റ് ഇനമായ നൂറുമീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയതിന് പുറമെ 200 മീറ്റർ, ജാവൽ, റിലേ എന്നീ ഇനങ്ങളിലും രജനി സമ്മാനാർഹയായി. വാർഡ് മെമ്പർ അരവിന്ദാക്ഷന്റെയും കായിക സ്‌നേഹികളുടെയും സാമ്പത്തിക സഹായം കൊണ്ടായിരുന്നു വാരാണസി മീറ്റിൽ പങ്കെടുക്കാൻ രജനിക്ക് കഴിഞ്ഞത്.
സഹോദരിമാരായിരുന്ന കൊച്ചമ്മിണി, തങ്കമണി എന്നിവർക്കൊപ്പം സ്കൂൾ പഠനകാലത്ത് രജനി കായികരംഗത്ത് സജീവമായിരുന്നു. മുള്ളൂർ ഗവ. പ്രൈമറി സ്‌കൂളിലും പറപ്പൂർ സെന്റ് ജോൺസ് ഹൈസ്‌കൂളിലും പഠിക്കുമ്പോൾ ഓട്ടമത്സരത്തിന് 100 മീറ്ററിലും 200 മീറ്ററിലും രജനി സമ്മാനങ്ങൾ നേടിയിരുന്നു. വിവാഹശേഷം കേരളോത്സവ വേദികളിൽ മുണ്ടത്തിക്കോട് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മെഡലുകൾ വാരിക്കൂട്ടിയിരുന്നു.
ദേശീയതലത്തിൽ മെഡൽ നേടിയതിനാൽ ജപ്പാനിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാമെങ്കിലും സാമ്പത്തികഭദ്രതയില്ലാത്ത രജനിയുടെ കുടുംബത്തിന് ഇത് എളുപ്പമല്ല. കായികസ്നേഹികൾ കനിയുമെന്ന പ്രതീക്ഷയിലാണ് രജനിയും കുടുംബവും. തൃശൂർ ജോയ് ആലുക്കാസ് ഓഫീസിലെ ക്ലീനിംഗ് ജീവനക്കാരിയാണ് രജനി. കെട്ടിട നിർമ്മാണ തൊഴിലാളിയായ പാർളിക്കാട് സ്വദേശി പാറേങ്ങാട്ടിൽ വിജയനാണ് ഭർത്താവ്. മക്കൾ: രമേഷ്, വിഷ്ണുമായ.
തിരുരിലെ രാജൻ ജോസഫ് എന്ന കോച്ചിന്റെ സേവനം മെഡൽ നേട്ടത്തിന് സഹായകമായി. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലെ മൂന്നു മാസത്തെ പരിശീലനമാണ് ട്രാക്കിൽ തിളങ്ങാൻ കാരണമായത്.
- ടി.സി. രജനി