ചേർപ്പ്: കേരളത്തിലെ ആനപ്പാപ്പാൻമാരിൽ അതികായനായിരുന്ന കടുവാ വേലായുധന്റെ സ്മരണാർത്ഥം കൂട്ടുകൊമ്പൻമാർ എലിഫന്റ് വെൽഫയർ ഫോറം എട്ടാം കടുവാ വേലായുധൻ ഗജേന്ദ്ര സേവന രത്‌ന പുരസ്‌കാരം ഗജവീരൻ ബാസ്റ്റ്യൻ വിനയസുന്ദറിന്റെ പാപ്പാൻ അനിലിന് (രാജൂട്ടി) നൽകി ആദരിച്ചു. പാദരോഗം മൂലം അവശത അനുഭവിച്ചിരിന്ന ബാസ്റ്റ്യൻ വിനയസുന്ദറിനെ പരിപാലച്ചതിന്റെ മികവിനായിട്ടാണ് പാപ്പാൻ അനിലിന് പുരസ്‌ക്കാരം നൽകിയത്.
സി.സി. മുകുന്ദൻ എം.എൽ.എ 15001 രൂപ അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. പെരുവനം ക്ഷേത്രനടയിൽ ബാസ്റ്റ്യൻ വിനയസുന്ദരന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ടി.എസ്. രാജീവ് അദ്ധ്യക്ഷനായി. മേളപ്രമാണിമാരായ പെരുവനം സതീശൻ മാരാർ, ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാർ, ടി.വി. ശരത്ത്, അഡ്വ. എൻ. മഹേഷ്, എ.എ. കുമാരൻ, എം. രാജേന്ദ്രൻ, കെ.ആർ. ആന്റണി, ഹരിദാസ് മച്ചിങ്ങൽ, വിഷ്ണു പള്ളിപ്പുറം, ശ്രീജിത്ത് വെളപ്പായ എന്നിവർ പ്രസംഗിച്ചു.