ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ നാല് റോഡുകളും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാതിരുന്ന കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ നാല് റോഡുകളും കൊടുങ്ങല്ലൂരിലെ ഒരു റോഡും കരാറെടുത്ത കെ.സി. കൃഷ്ണകുമാറിനെതിരെയാണ് നടപടിക്ക് ആലുവ മേഖല പൊതുമാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ കത്തയച്ചത്. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 2019-20 വർഷത്തെ ബഡ്ജറ്റ് പ്രവൃത്തിക്കളായ ബേബി ബീച്ച് റോഡ്, ആൽത്തറ പനന്തറ റോഡ്, ഗുരുവായൂർ മാവിൻചുവട്, തിരുവെങ്കിടം കോട്ടപ്പടി റോഡ്, ഫ്‌ളഡ് വർക്കായ ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ (2018-19 വർഷം) റോഡുകളും കൊടുങ്ങല്ലൂരിലെ കൈപ്പമംഗലം കമ്പളംകടവ് റോഡ് എന്നിവയാണ് ഇയാൾ കരാറെടുത്തിരുന്നത്. 2021 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തീകരിച്ച് റോഡുകൾ കൈമാറേണ്ടതായിരുന്നു. വർക്ക് ഷെഡ്യൂൾ അനുസരിച്ച് ജോലികൾ ആരംഭിക്കാൻ തയ്യാറാകാതിരുന്ന കരാറുകാരന് ആറ് തവണ നോട്ടീസയച്ചിരുന്നു. പലതവണ ഹിയറിംഗും നടത്തി. ഒരു വർഷത്തോളമായിട്ടും പല റോഡുകളുടേയും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ പോലും ഇയാൾ തയ്യാറായില്ല. മഴയുടെ കാര്യം പറഞ്ഞായിരുന്നു ഇയാൾ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടത്. നിരന്തരം നോട്ടീസ് നൽകുകയും ഹിയറിംഗ് നടത്തുകയും ചെയ്തതോടെ പ്രവൃത്തി ആരംഭിച്ചിടങ്ങളിലാകട്ടെ വളരെ കുറച്ച് മാത്രമാണ് പൂർത്തിയാക്കിയത്. ബേബി ബീച്ച് റോഡ് ഡിസംബർ മാസമായിട്ടും നിർമ്മാണം ആരംഭിക്കുക പോലും ചെയ്യാതിരുന്നതോടെ കാരാറുകാരന്റെ നഷ്ടോത്തരിവാദിത്വത്തിൽ ഇയാളുടെ കരാർ റദ്ദ് ചെയ്ത് മറ്റൊരാളെ കണ്ടെത്തി കരാർ നൽകി. ബാക്കി ജോലികൾ ആരംഭിച്ചതാകട്ടെ നിർമ്മാണ പൂർത്തീകരണത്തിന് നീട്ടി നൽകിയ കരാറ് കാലാവധിയുടെ അവസാന നാളിൽ മാത്രമായിരുന്നു. മറ്റൊരു കരാറുകാരന് ഉപകരാർ നൽകി കെ.സി. കൃഷ്ണകുമാർ പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ പനന്തറ റോഡിലെ കാനയുടേയും കലുങ്കുകളുടേയും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും തുടർജോലികൾ ആരംഭിച്ചില്ല. എൻ.കെ.അക്ബർ എം.എൽ.എ നേരിട്ട് വിവിധ പദ്ധതികളിലായി മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ സംബന്ധിച്ച് യോഗം ചേർന്ന് വിലയിരുത്താൻ ആരംഭിച്ചതോടെയാണ് കരാറുകാരന്റെ അനാസ്ഥ കൂടുതൽ വ്യക്തമായത്. ഓരോ പ്രവൃത്തികളെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായി. മണ്ഡലത്തിൽ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ച് കരാർ നൽകിയിട്ടും പൂർത്തിയാക്കാത്തവയെപ്പറ്റി പരിശോധിച്ചപ്പോൾ അവയിൽ മിക്കതും കരാറുകാരനായ കെ.സി. കൃഷ്ണകുമാറിന്റേതാണെന്ന് വ്യക്തമായി. പല അവധി നൽകിയിട്ടും മാസങ്ങളായിട്ടും യാതൊരുവിധ പുരോഗതിയും ഇല്ലാതിരുന്നതോടെയാണ് പൊതുമരാമത്ത് വകുപ്പ് നടപടിയാരംഭിച്ചത്. ഇതോടെ നടപടിയിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ (കെ.സി .കൃഷ്ണകുമാർ) വ്യാജ പ്രചരണവും നടത്തി. പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ-പനന്തറ റോഡ് നിർമ്മാണം നിറുത്തിവച്ചത് 2021 നവംബർ 30 ന് ചേർന്ന അവലോകന യോഗത്തിൽ എം.എൽ.എ അപമാനിച്ച് സംസാരിച്ചതുകൊണ്ടാണെന്നാണ് ഇയാളും കൂട്ടാളികളും പറയുന്നത്. സെപ്തംബർ മാസത്തിൽ പൂർത്തികരിക്കേണ്ട പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ-പനന്തറ റോഡ് നിർമ്മാണം ആരംഭിച്ചത് പോലും സെപ്തംബർ അവസാനത്തിൽ മാത്രമാണെന്നിരിക്കെ തനിക്കെതിരായ നടപടികൾ വൈകിപ്പിക്കാനാണ് വ്യാജ പ്രചരണം നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ചാവക്കാട് അസിസ്റ്റന്റ് എക്‌സി.എൻജിനീയർ കെ.വി. മാലിനി പറഞ്ഞു.