കൊടുങ്ങല്ലൂർ: സ്വാമി വിവേകാനന്ദന്റെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ വിവേകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ഇരുപത്തഞ്ചാം വർഷത്തിലേക്ക്. ഇതോടനുബന്ധിച്ച് സ്വാമി വിവേകാനന്ദ ജയന്തി വിപുലമായി ആഘോഷിക്കും. നാളെ രാവിലെ 9.30ന് പണിക്കേഴ്‌സ് ഹാളിൽ അനുസ്മരണ സെമിനാർ ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ പുരാതന സാംസ്‌കാരിക കേന്ദ്രം എന്ന വിഷയത്തിൽ പ്രൊഫ. കെ. ശിവപ്രസാദ്, സ്വാമി വിവേകാനന്ദൻ ശ്രീകുരുംബ സന്നിധിയിൽ എന്ന വിഷയത്തിൽ പ്രൊഫ. എസ്. രാധാകൃഷ്ണൻ, സ്വാമി വിവേകാനന്ദനും കേരള നവോത്ഥാനവും ഒരു പുനർവായന എന്ന വിഷയത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണനും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. എം. ലക്ഷ്മീകുമാരി, മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ തുടങ്ങിയവർ സംസാരിക്കും.