ചാലക്കുടി: ഇ-പോസ് മെഷിൻ സെർവർ തകരാർ മൂലം ചാലക്കുടി താലൂക്കിലെ റേഷൻ വിതരണം മുടങ്ങി. കുറച്ച് ദിവസങ്ങളായി ഇടക്കിടയ്ക്ക് സെർവർ തകരാർ സംഭവിക്കുന്നുണ്ട്. കാലങ്ങളായി ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് പലതവണ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ല. പല കടകളിലും ഇതുമൂലം വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ തർക്കവും നിത്യസംഭവമാണ്. ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കടകൾ അടച്ചിടേണ്ടിവരുമെന്ന് ഓൾ കേരള റീടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പി.ഡി. പോൾ, ജനറൽ സെക്രട്ടറി കെ.കെ. പങ്കജാക്ഷൻ എന്നിവർ അറിയിച്ചു.