ചാലക്കുടി: കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നയിക്കുന്ന സഹകരണ സംരക്ഷണ മുന്നണി പാനൽ വിജയിച്ചു. നടപടി ക്രമങ്ങൾ അട്ടിമറിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് നയിക്കുന്ന സഹകരണ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പി.കൃഷ്ണകുമാർ, എം.ജി. ഗോപി, എം.താജുദ്ദീൻ, സി.വി. പ്രകാശൻ, എം. മുഹമ്മദ്കുട്ടി, പാറുകുട്ടിയമ്മ, എ.എം. സരോജനി, സുബൈദ് റഹ്മാൻ എന്നിവരാണ് ജയിച്ചത്. നിലവിൽ എൽ.ഡി.എഫ് മുന്നണിയുടേതാണ് ഭരണ സമിതി. ജനുവരി 7ന് മുൻപ് തിരിച്ചറിയിൽ കാർഡ് വിതരണ ചെയ്യണമെന്ന നിബന്ധന കാറ്റിൽ പറത്തിയെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. എം. എം. ചന്ദ്രശേഖരൻ, ടി. രാമൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് എസ്.ഐ. ഷാജു എടത്താടന്റെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പൊലിസ് തമ്പടിച്ചിരുന്നു.