പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനായി ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌ക്കരിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം പ്രസിഡന്റ് ചാന്ദ്‌നി വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമ്യ സുകു അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൽ മജീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ വാസന്തി ആനന്ദൻ, ഗ്രേസി ജേക്കബ്, കൊച്ചപ്പൻ വടക്കൻ എന്നിവർ പ്രസംഗിച്ചു.
വർക്കിംഗ് ഗ്രൂപ്പ് പുന:സംഘടനയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്‌ക്കരിച്ചത്. 256 അംഗങ്ങളുള്ള വർക്കിംഗ് ഗ്രൂപ്പിൽ 30ൽ താഴെ അംഗങ്ങൾ മാത്രമാണ് യു.ഡി.എഫിനുള്ളതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.കെ. വിമല, സോമശേഖരൻ, മിനി ബാബു, ആർ. വി. മൊയ്‌നുദ്ദീൻ, ഓമന ടീച്ചർ, ജെസി റാഫേൽ എന്നിവരുടെ നേതൃത്വത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ബഹിഷ്‌ക്കരിച്ച് പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി.