മാള: അന്നമനട - വാളൂർ പാടശേഖരങ്ങളിലെ തരിശായി കിടന്നിരുന്ന സ്ഥലങ്ങളിൽ കൃഷി പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

ഓട്ടുകമ്പനികളിലേക്ക് മണ്ണെടുത്തതുമൂലം ഏകദേശം 200 ഏക്കറോളം ഭൂമിയാണ് ഇവിടെ തരിശായി കിടക്കുന്നത്. ആദ്യ ഘട്ടത്തിൽ പകുതിയോളം ഭൂമി കൃഷി യോഗ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ചെറിയ കുഴികൾ നികത്താനാകുമോയെന്നും വലിയ കുഴികളിൽ വെള്ളം ശേഖരിച്ച് കൃഷിയ്ക്കായി ഉപയോഗിക്കാൻ കഴിയുമോയെന്നും പരിശോധിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. സിന്ധു ജയൻ, ടി.കെ. സതീശൻ, ജോബി ശിവൻ, മോളി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഈ മാസം 20ന് മണ്ണ് പരിശോധനാ സംഘം, കൃഷി വകുപ്പ്, ചെറുകിട ജലസേചനം, കാർഷിക സർവകലാശാല എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിക്കും. തുടർന്ന് സ്ഥല ഉടമകളുടെ യോഗം നടത്തും.