sangaranandha

പുതുക്കാട്: ശിവഗിരിയിലെ അവസാന മഠാധിപതിയും കൂടുതൽ കാലം ധർമ്മസംഘം സെക്രട്ടറിയുമായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ 46ാം സമാധിയാചരണം ഇന്ന്. ശിവഗിരിയിലെ സമാധിമണ്ഡപത്തിലെ ചടങ്ങുകൾ കൂടാതെ ഇത്തവണ പുതുക്കാട് സ്വാമിയാർക്കുന്നിലെ ശങ്കരാചലമഠത്തിൽ സമാധി ദിനാചരണവും അനുസ്മരണവും നടക്കും.

ശിവഗിരി ധർമ്മസംഘം സെക്രട്ടറിയും മഠാധിപതിയുമായിരിക്കെ 1976 ജനുവരി 12 ന് രാത്രിയാണ് തൊണ്ണൂറ്റി ഒന്നാം വയസിൽ സ്വാമി സമാധിയാവുന്നത്. പുതുക്കാടിനടുത്ത് കുറുമാലിയിൽ കോമത്തുക്കാട്ടിൽ തറവാട്ടിൽ ചേന്നുണ്ണിയുടെയും മാതാവ് കുത്തിക്കുറുമ്പയുടെയും മകനായാണ് ജനനം. എടക്കുളം കാവുണ്ണി പണിക്കരെ വീട്ടിൽ താമസിപ്പിച്ചും പണ്ഡിതനായ എ.കൃഷ്ണൻ എമ്പ്രാന്തിരിയുടെ പക്കൽ നിന്നും സംസ്‌കൃതം പഠിച്ചു. പിതാവിന്റെ മരണത്തോടെ, ജ്യേഷ്ഠ സഹോദരനെ കൃഷി കാര്യങ്ങളിൽ സഹായിച്ച് കുറച്ച് കാലം കഴിച്ചു.

പിന്നീട് ഗ്രന്ഥവായനയിലായി ശ്രദ്ധ. അയൽവാസിയും സുഹൃത്തുമായ തച്ചംകുളം രാമാനന്ദനുമൊത്ത് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും തിരുവണ്ണാമലയിൽ ശ്രീ രമണമഹർഷിയുടെ ആശ്രമത്തിൽ താമസിക്കുകയും ചെയ്തു. പിന്നീട് ആലത്തൂരിൽ പോയി ബ്രഹ്മാനന്ദ സ്വാമികളുടെ ഉപദേശവും നിർദ്ദേശവും അനുസരിച്ച് പഠിക്കാൻ തീരുമാനിച്ചു.
ഇതിനിടെ ബന്ധുഗൃഹമായ പെരിങ്ങോട്ടുകരയിലെ പണ്ടാരിക്കൽ തറവാട്ടിൽ പോയിരുന്ന അവസരത്തിൽ ശ്രീനാരായണ ഗുരുദേവൻ സോമശേഖരക്ഷേത്രത്തിൽ ഉണ്ടെന്നറിഞ്ഞു.

ഗുരുദേവന്റെ ദിവ്യചൈതന്യം യുവാവായ ശങ്കരന്റെ ഹൃദയത്തിൽ വലിയ മാറ്റമുണ്ടാക്കി. കുടുംബാംഗങ്ങളുടെ പിന്തുണയോടെ, അദ്വൈതാശ്രമത്തിലെത്തി ശ്രീ നാരായണ ഗുരുദേവനെ സന്ദർശിച്ച് ശിഷ്യനാകണമെന്ന് തീരുമാനിച്ചു. പിന്നീട് അദ്വൈതാശ്രമത്തിലെത്തി, പ്രധാന ആദ്ധ്യാപകൻ രാമപണിക്കരുടെ കീഴിൽ സംസ്‌കൃതത്തിൽ ഉപരിപഠനം ഗുരുദേവൻ ഏർപ്പാടാക്കി. പഠനം തുടരുന്നതിനിടെ സ്വാമികളുടെ അസുഖബാധിതയായ മാതാവിനെ കാണാൻ ശിഷ്യരോടൊത്ത് ഗുരുദേവൻ പുതുക്കാട്ടെത്തി. തീവണ്ടി മാർഗ്ഗമെത്തി സ്റ്റേഷനിലിറങ്ങി കുറുമാലിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് സ്റ്റേഷന് പിറകിലെ സ്ഥലം ആശ്രമം സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് ഗുരുദേവൻ അഭിപ്രായപ്പെട്ടത്.
ഇതേത്തുടർന്ന് സ്വാമികളുടെ ജ്യേഷ്ഠ സഹോദരൻ കുന്നിൽ എട്ട് ഏക്കറോളം സ്ഥലം വാങ്ങി. ഗുരുദേവന്റെ ഉപദേശ നിർദ്ദേശപ്രകാരം, കെട്ടിടം പൂർത്തിയാക്കി, ശങ്കരാചലമഠം എന്ന് പേരുമിട്ടു. ശങ്കരാചല മഠത്തിന് സമീപത്തെ ചെറിയ പാറയിൽ ഗുരുദേവൻ ധ്യാനത്തിലിരിക്കാറുണ്ടായിരുന്നു. ഇവിടെയാണ് ഗുരുദേവന്റെ ആഗ്രഹപ്രകാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നിർമ്മിച്ചത്. ശിവഗിരിയിലെ മഹാസമാധി മന്ദിരം, മെഡിക്കൽ മിഷ്യൻ ആശുപത്രി തുടങ്ങിയവ നിർമ്മിച്ചത് ശങ്കരാനന്ദ സ്വാമി മഠാധിപതിയായിരുന്നപ്പോഴാണ്. അദ്വൈതാശ്രമത്തിന് കൂടുതൽ സ്ഥലം വാങ്ങിയതും നവീകരണ പ്രവൃത്തികൾ നടത്തിയതും ശങ്കരാനന്ദ സ്വാമിയായിരുന്നു. ഗുരുദേവന്റെ അവസാന കാലത്ത് പരിചരിച്ചത് ശങ്കരാനന്ദ സ്വാമികളായിരുന്നു. ആളോഹരി ലഭിച്ച വസ്തുക്കളും അദ്ദേഹം ധർമ്മസംഘത്തിന് നൽകി.