ചേലക്കര: തിരുവില്വാമല പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. ആറിനെതിരെ പത്ത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ബ്ലോക്ക് ഡെവലപ്‌മെന്റ ഓഫീസർ എ. ഗണേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രമേയം ചർച്ചയ്ക്കെടുത്തത്.
ബി.ജെ.പിയുടെ രാഷ്ട്രീയവത്കരണ നയങ്ങളും വികസന മുരടിപ്പുമാണ് പ്രധാനമായും ചർച്ചയിൽ ഉയർന്നത്. ചർച്ച ആരംഭിക്കേണ്ട നിശ്ചിതസമയത്തിൽ എത്തിച്ചേരാത്തതിനാൽ കോൺഗ്രസ് അംഗം അഡ്വ. കെ.എ. ഷബ്‌നയ്ക്ക് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ഇനി രണ്ടാഴ്ചയ്ക്ക് ശേഷമേ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കൂ. കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരനെയും പുറത്താക്കിയിരുന്നു.
പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ മുരടിപ്പ് ഉണ്ടാക്കാൻ നിലവിലെ രാഷ്ട്രീയ സാഹചര്യം കാരണമാകില്ല. മതവിശ്വാസങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി ഭരണ സമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം പാസായത്.
- കെ.പി. ഉമാശങ്കർ, പഞ്ചായത്ത് അംഗം (സി.പി.എം ഏരിയ കമ്മിറ്റി അംഗം)
വികസന മുരടിപ്പുകൾ ചൂണ്ടിക്കാട്ടാതെ ക്ഷേത്രം കവാടത്തിന് കാവി പെയിന്റടിച്ചതാണ് അവിശ്വാസത്തിന് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന കാരണം. എറ്റവും മികച്ച ഭരണമാണ് ബി.ജെ.പി നടത്തിയത്. അതിൽ ഹാലിളകിയാണ് ഈ പ്രവൃത്തി.
- കെ. ബാലകൃഷ്ണൻ, ബി.ജെ.പി (മുൻ വൈസ് പ്രസിഡന്റ്)
തുലാസിൽ ഭാവി
കോൺഗ്രസിന് ആറും ബി.ജെ.പിക്ക് ആറും സി.പി.എമ്മിന് അഞ്ച് അംഗങ്ങളും ഉള്ളതാണ് പഞ്ചായത്ത് ഭരണസമിതി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനും ബി.ജെ.പിക്കും തുല്യവോട്ട് ലഭിച്ചാൽ നറുക്കെടുപ്പ് വേണ്ടി വരും. ബി.ജെ.പിക്ക് നറുക്ക് വീണ് അധികാരം കിട്ടിയാൽ വീണ്ടും അവിശ്വാസം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തുടർന്നേക്കാം. ഫലത്തിൽ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായേക്കാം.